സഹോദരിയെ കൊന്ന ആല്‍ബിന്‍ മുന്‍ വൈദികവിദ്യാര്‍ഥി, മാതാപിതാക്കളെയുള്‍പ്പടെ കൊല്ലാന്‍ തീരുമാനിച്ചത് സ്വത്ത് കൈക്കലാക്കാന്‍

0
5902

ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി പതിനാറുകാരിയെ കൊലപ്പെടുത്തിയ സഹോദരന്‍ ആല്‍ബിന്‍ ബെന്നി (22) സ്വത്ത് തട്ടിയെടുക്കാനാണ് കുടുംബത്തെവകവരുത്താന്‍ തുനിഞ്ഞതെന്ന് റിപ്പോര്‍ട്ട് .ബളാല്‍ അരിയങ്കല്ലിലെ ആന്‍മേരിയെ (16)യാണ് സഹോദരന്‍ സഹോദരന്‍ ആല്‍ബിന്‍ ബെന്നി (22) ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി കൊലപ്പെടുത്തിയത്. പിതാവ് ബെന്നിയും മാതാവ് ബെസിയും അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

മദ്യവും കഞ്ചാവും സ്ഥിരമായി ഉപയോഗിക്കുന്ന ആല്‍ബിന് ഒരു ദളിത് യുവതിയുമായി ബന്ധമുണ്ടായിരുന്നു. സെക്‌സ് സൈറ്റുകളില്‍ അശ്ലീല വീഡിയോകള്‍ ദിവസവും കാണുന്ന ആല്‍ബിന് യുവതികളുമായി ബന്ധം ഉണ്ടാക്കുന്നതായിരുന്നു പ്രധാന വിനോദം.

ഈ വിവരം സഹോദരി ആന്മേരിക്ക് അറിയാമായിരുന്നു. ആന്മേരിയോടും ആല്‍ബിന്‍ മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് വിവരം. ആന്മേരി ഇക്കാര്യങ്ങള്‍ മാതാപിതാക്കളോട് പറയുമോയെന്ന സംശയം തോന്നിയതിനെ തുടര്‍ന്ന് ആന്‍മേരിക്കൊപ്പം കുടുംബത്തെ മുഴുവന്‍ ഇല്ലാതാക്കാനാണ് ആല്‍ബിന്‍ ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്തത്. കൂടാതെ മാതാപിതാക്കളും സഹോദരിയും ഇല്ലാതായാല്‍ നാലര ഏക്കര്‍ കൃഷിയിടവും പന്നിഫാമും തന്റെ കൈവശം വന്നുചേരുമെന്നും പ്രതി കണക്കുകൂട്ടി. ആ തുക കൊണ്ട് അടിച്ചുപൊളിച്ച് ജീവിക്കാനായിരുന്നു ആല്‍ബിന്റെ പദ്ധതി. വൈദികവൃത്തിയിലുള്ള സഹോദരന് സ്വത്തിന്റെ ആവശ്യമില്ലെന്നും മുന്‍ സെമിനാരി വിദ്യാര്‍ഥി കൂടിയായ ആല്‍ബന് അറിയാമായിരുന്നു.

പത്താക്ലാസിന് ശേഷം വൈദികനാകാന്‍ സെമിനാരിയില്‍ചേര്‍ന്ന ആല്‍ബിന്‍ ഒരുവര്‍ഷത്തിനുശേഷം സെമിനാരിപഠനം മതിയാക്കി നാട്ടിലേക്ക് മടങ്ങി. പഠനം നിര്‍ത്തിയ മകന്‍ വഴിവിട്ട ബന്ധങ്ങളുണ്ടാക്കുന്നത് പിതാവും മാതാവും ചോദ്യം ചെയ്യുന്നതില്‍ ആല്‍ബിന് കടുത്ത ദേഷ്യമായി. ഏതാനും മാസംമുമ്പ് ഐ.ടി.ഐ. പഠിക്കാനെന്ന പേരില്‍ തമിഴ്നാട്ടിലേക്കുപോയി.എന്നാല്‍, കമ്പത്ത് ഒരു ഹോട്ടലിലായിരുന്നു പണി. കോവിഡ് വ്യാപകമായതോടെ ഒന്നരമാസംമുമ്പാണ് തിരിച്ചെത്തിയത്.

ആദ്യം എലിവിഷം കോഴിക്കറിയില്‍ കലര്‍ത്തിയാണ് ആല്‍ബിന്‍ കുടുംബത്തെ കൂട്ടക്കൊല ചെയ്യാനുള്ള പദ്ധതി തയ്യാറാക്കിയത്. എന്നാല്‍ അളവ് കുറവായതിനാല്‍ അത് സാരമായി കുടുംബാംഗങ്ങളെയും സഹോദരിയേയും ബാധിച്ചില്ല. തുടര്‍ന്ന് സഹോദരിക്കൊപ്പം ജൂലായ് 30-ന് ഐസ്‌ക്രീം ഉണ്ടാക്കുകയും തണുപ്പിക്കാന്‍ രണ്ടു പാത്രങ്ങളിലായി റഫ്രിജറേറ്ററില്‍ വെക്കുകയും ചെയ്തു. പിറ്റേദിവസം നാലുപേരും ഒരു പാത്രത്തിലെ ഐസ്‌ക്രീം കഴിച്ചു. ഈ സമയത്ത് ആല്‍ബിന്‍ താന്‍ വാങ്ങിയ പുതിയ എലവിഷത്തിന്റെ പകുതിയോളം രണ്ടാമത്തെ പാത്രത്തിലുള്ള ഐസ്‌ക്രീമില്‍ കലര്‍ത്തി. അറിയാതെ ബെന്നിയും ആന്‍മേരിയും ഇത് കഴിച്ചു. മാതാവ് ബെസി കുറച്ചുമാത്രം കഴിച്ചതിനാലാണ് രക്ഷപ്പെട്ടത്.

ഐസ്‌ക്രീം കഴിച്ചതുമുതല്‍ ആന്മേരിക്ക് ഛര്‍ദ്ദിയും വയറിളക്കവും തുടങ്ങി. എന്നാല്‍, അത് ഐസ്‌ക്രീം കഴിച്ചതുകൊണ്ടാണെന്ന് മാതാപിതാക്കള്‍ക്ക് മനസിലായില്ല. സാധാരണ ഉണ്ടാകുന്നതുപോലെയുള്ള വയറിന് അസുഖമാണെന്ന് കരുതി രണ്ടുദിവസം കുട്ടിക്ക് കട്ടന്‍ചായയില്‍ ചെറുനാരാങ്ങാനീര് കലര്‍ത്തി നല്‍കി. കുട്ടി അവശനിലയിലായപ്പോഴാണ് ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടയില്‍ പിതാവ് ബെന്നിക്കും വിഷം ബാധിച്ചതിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങി.

ചികിത്സയ്ക്കിടെ മഞ്ഞപ്പിത്തം ബാധിച്ച ആന്‍മേരി ഓഗസ്റ്റ് അഞ്ചിന് വൈകീട്ട് അഞ്ചോടെ മരിച്ചു.ഓഗസ്റ്റ് ആറിന് ഗുരുതരാവസ്ഥയിലായ ബെന്നിയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും കോഴിക്കോട് മിംസിലേക്ക് മാറ്റുകയും ചെയ്തു. കിഡ്നിയുടെ പ്രവര്‍ത്തനം നിലച്ച ബെന്നിയുടെ നില ഗുരുതരമായി തുടരുകയാണ്. മാതാവ് ബെസിയും അവശനിലയില്‍ ആശുപത്രിയിലാണ്.

ഐസ്‌ക്രീം കഴിച്ച തനിക്കും ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ടെന്ന് ബോധ്യപ്പെടുത്താന്‍ ആല്‍ബിന്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍, ആല്‍ബിന് വിഷം അകത്തു ചെന്നതിന്റെ ലക്ഷണങ്ങളില്ലെന്ന ഡോക്ടര്‍മാരുടെ വെളിപ്പെടുത്തലാണ് കേസില്‍ നിര്‍ണ്ണായകമായത്. തുടര്‍ന്ന് പോലീസ് സംശയം തോന്നി ആല്‍ബിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.