ഐസ്‌ക്രീമിൽ വിഷംചേർത്ത് 16-കാരിയെ സഹോദരൻ കൊലപ്പെടുത്തി, മകൻ വിഷം കലർത്തിയ ഐസ്‌ക്രീം കഴിച്ച മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

0
759

കാസർകോട്: ബളാൽ അരിയങ്കല്ലിലെ ആൻമേരിയെ (16) സഹോദരൻ കൊലപ്പെടുത്തിയതാണെന്ന് പോലീസ്. കൊലപാതകം നടത്തിയതിന് സഹോദരൻ ആൽബിൻ ബെന്നി (22) യെ പോലീസ് അറസ്റ്റ് ചെയ്തു.

സഹോദരൻ ഐസ്‌ക്രീമിൽ കലർത്തിയ വിഷം കഴിച്ച് അരിയങ്കല്ലിലെ ഓലിക്കൽ ബെന്നിയുടെ മകൾ ആൻമേരി (16) ആഗസ്റ്റ് 5നാണ് മരിച്ചത്. പിതാവ് ബെന്നിയും മാതാവ് ബെസിയും അതീവഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

മദ്യവും കഞ്ചാവും സ്ഥിരമായി ഉപയോഗിക്കുന്ന ആൽബിന് ഒരു ദളിത് യുവതിയുമായി ബന്ധമുണ്ടായിരുന്നു. ഈ വിവരം സഹോദരി ആന്മേരിക്ക് അറിയാമായിരുന്നു. ആന്മേരിയോടും ആൽബിൻ മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് വിവരം. ആന്മേരി ഇക്കാര്യങ്ങൾ മാതാപിതാക്കളോട് പറയുമോയെന്ന സംശയം തോന്നിയതിനെ തുടർന്ന് ആൻമേരിയെ ഇല്ലാതാക്കാൻ ആൽബിൻ ഐസ്‌ക്രീമിൽ വിഷം ചേർക്കുകയായിരുന്നു.

ഒരാഴ്ച മുമ്പ് വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീമിലാണ് ആൽബിൻ കുടുംബത്തെ വകവരുത്താൻ വിഷം ചേർത്തത്. ഐസ്‌ക്രീം ഉണ്ടാക്കിയ അന്ന് തന്നെ ആൻമേരിയും പിതാവ് ബെന്നിയും കഴിച്ചിരുന്നു. ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചതിന് ശേഷം പിറ്റേദിവസമാണ്
ആൽബിനും മാതാവും ഐസ്‌ക്രീം കഴിച്ചത്. ഐസ്‌ക്രീം കഴിച്ചതുമുതൽ ആന്മേരിക്ക് ഛർദ്ദിയും വയറിളക്കവും തുടങ്ങി. എന്നാൽ, അത് ഐസ്‌ക്രീം കഴിച്ചതുകൊണ്ടാണെന്ന് മാതാപിതാക്കൾക്ക് മനസിലായില്ല. സാധാരണ ഉണ്ടാകുന്നതുപോലെയുള്ള വയറിന് അസുഖമാണെന്ന് കരുതി രണ്ടുദിവസം കുട്ടിക്ക് കട്ടൻചായയിൽ ചെറുനാരാങ്ങാനീര് കലർത്തി നൽകി. കുട്ടി അവശനിലയിലായപ്പോഴാണ് ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടയിൽ പിതാവ് ബെന്നിക്കും വിഷം ബാധിച്ചതിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി.

ചികിത്സയ്ക്കിടെ മഞ്ഞപ്പിത്തം ബാധിച്ച ആൻമേരി ഓഗസ്റ്റ് അഞ്ചിന് വൈകീട്ട് അഞ്ചോടെ മരിച്ചു.ഓഗസ്റ്റ് ആറിന് ഗുരുതരാവസ്ഥയിലായ ബെന്നിയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കോഴിക്കോട് മിംസിലേക്ക് മാറ്റുകയും ചെയ്തു. കിഡ്‌നിയുടെ പ്രവർത്തനം നിലച്ച ബെന്നിയുടെ നില ഗുരുതരമായി തുടരുകയാണ്. മാതാവ് ബെസിയും അവശനിലയിൽ ആശുപത്രിയിലാണ്.

ഐസ്‌ക്രീം കഴിച്ച തനിക്കും ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടെന്ന് ബോധ്യപ്പെടുത്താൻ ആൽബിൻ ചികിത്സ തേടിയിരുന്നു. എന്നാൽ, ആൽബിന് വിഷം അകത്തു ചെന്നതിന്റെ ലക്ഷണങ്ങളില്ലെന്ന ഡോക്ടർമാരുടെ വെളിപ്പെടുത്തലാണ് കേസിൽ നിർണ്ണായകമായത്. തുടർന്ന് പോലീസ് സംശയം തോന്നി ആൽബിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.