മകനെ കുത്തിക്കൊന്ന പിതാവിന്റെ മടിക്കുത്തിൽ എപ്പോഴും കത്തി, അതേ കത്തി മകന്റെ ജീവനെടുത്തു, സ്ഥിരമദ്യപാനിയായ സജി മക്കളെ മർദിക്കുന്നതും പതിവ്

0
770

കണ്ണൂർ: പയ്യാവൂർ ഉപ്പുപടന്നയിൽ പത്തൊൻപതുകാരനായ മകനെ കുത്തിക്കൊലപ്പെടുത്തിയ പിതാവ് പേരകത്തനാടി സജി എപ്പോഴും കത്തി കയ്യിൽ സൂക്ഷിക്കാറുണ്ടായിരുന്നുവെന്ന് റിപ്പോർട്ട്. ശനിയാഴ്ച വൈകുന്നേരമാണ് മൂത്തമകൻ ഷാരോണിനെ സജി മദ്യലഹരിയിൽ കുത്തിക്കൊലപ്പെടുത്തിയത്.

ഇറ്റലിയിൽ നഴ്‌സായ ഭാര്യ സിൽജ അയക്കുന്ന ശമ്പളം മുഴുവൻ മദ്യപിച്ചും ധൂർത്തടിച്ചും ചെലവാക്കുന്ന സജി സ്ഥിരമായി രണ്ട് മക്കളെയും മർദിച്ചിരുന്നു. നിസാരകാരണങ്ങളുടെ പേരിലാണ് സജി ഷാരോണിനെയും സഹോദരൻ ഷാർലറ്റിനെയും മർദിച്ചിരുന്നത്.

ശനിയാഴ്ച വൈകീട്ട് മൂന്നുമണിയോടെ മദ്യപിച്ച് വീട്ടിലെത്തിയ സജി നായയ്ക്ക് തീറ്റകൊടുക്കാത്തതിന്റെ പേരിൽ ഷാരോണിനോട് വഴക്കിട്ടിരുന്നു. വഴക്ക് മൂർച്ഛിച്ചതോടെ കയ്യിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് ഇയാൾ മകന്റെ പുറത്ത് കുത്തുകയായിരുന്നു.

വെള്ളിയാഴ്ച വൈകീട്ടും സജി മക്കളുമായി വഴക്കുണ്ടാക്കിയിരുന്നു. വെള്ളിയാഴ്ചയിലെ തർക്കത്തിനിടയിൽ സജി മദ്യപിച്ച് ബാലൻസ് തെറ്റി നിലത്ത് വീഴുകയും ചെറിയ മുറിവുകൾ സംഭവിക്കുകയും ചെയ്തു. ഇതിന്റെ ദേഷ്യം മുഴുവൻ ശനിയാഴ്ച മൂത്തമകനോട് തീർത്തെന്നാണ് സൂചന. കുത്തേറ്റ് വീണ ഷാരോണിനെ വിദഗ്ദ ചികിത്സയ്ക്കായി കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിക്കുകയായിരുന്നു. രണ്ട് മക്കളും സജിയും മാത്രമാണ് വീട്ടിൽ താമസം. ഷാരോണിന്റെ മൃതദേഹം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. അമ്മയുടെ ഇടവക ദൈവാലയമായ മാലൂർ പോത്തുകുഴി സെന്റ് മാക്‌സമില്യൺ കോൾബെ ദേവാലയ സെമിത്തേരിയിലാണ് ഷാരോണിന്റെ മൃതദേഹം സംസ്‌കരിക്കുന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് ഷാരോണിന്റെ മൃതദേഹം മാലൂരിലേക്ക് കൊണ്ട് പോകും.