കൂടത്തായി കൊലപാതം; വിചാരണ ഇന്ന് തുടങ്ങും, ജോളിക്ക് വേണ്ടി ആളൂർ കേസ് വാദിക്കും

0
1915

കോഴിക്കോട്: കൂടത്തായി കൂട്ടകൊലപാതക കേസിലെ വിചാരണ ഇന്ന്
തുടങ്ങും. ജോളി സയനെഡ് കൊടുത്ത് കൊലപ്പെടുത്തിയ ഭർത്താവ് റോയ് തോമസ്, ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ മുൻ ഭാര്യ സിലി ഷാജു എന്നിവരുടെ കൊലപാത കേസുകളാണ് ഇന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കുക.
പ്രശസ്ത അഭിഭാഷകനായ ബിഎ ആളൂരാണ് മുഖ്യ പ്രതി ജോളി ജോസഫിന് വേണ്ടി ഹാജരാകുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ.എൻ.കെ.ഉണ്ണിക്കൃഷ്ണനാണ് കേസ് വാദിക്കുന്നത്.

ഇന്ന് കോടതി പരിഗണക്കുന്ന രണ്ട് കേസിലും ജോളി ജോസഫാണ് ഒന്നാം പ്രതി. റോയിയെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയായിരുന്ന ജോളിയും എം.എസ്.മാത്യു, പ്രജികുമാർ, കെ.മനോജ്കുമാർ, നോട്ടറി സി.വിജയകുമാർ എന്നിവരുമാണ് പ്രതികൾ.
സിലിയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികളാണ് ഉള്ളത്. സ്വത്ത് കൈവശപ്പെടുത്താൻ ഭർത്താവായിരുന്ന റോയ് തോമസിന് ഭക്ഷണത്തിൽ സയനൈഡ് കലർത്തി നൽകുകയായിരുന്നുവെന്നാണ് കേസ്.

പോസ്റ്റുമോർട്ടത്തിൽ സയനൈഡ് ഉള്ളിൽ ചെന്നാണ് റോയ് മരിച്ചതെന്ന്
കണ്ടെത്തിയിരുന്നു. പ്രജികുമാർ സയനൈഡ് എംഎസ് മാത്യുവിന് നൽകുകയും എംഎസ് മാത്യു അത് ജോളിക്ക് നൽകുകയും ചെയ്തു. ജോളിക്കൊപ്പം വ്യാജവിൽപ്പത്രം നിർമ്മിച്ചതിനാണ് മനോജ് കുമാറിനെ പ്രതിചേർത്തിരിക്കുന്നത്. വിൽപ്പത്രം വ്യാജമാണെന്ന് തിരിച്ചറിഞ്ഞിട്ടും അത് സാക്ഷ്യപ്പെടുത്തിയതിനാണ് നോട്ടറി സി വിജയകുമാറിനെ പ്രതി ചേർത്തത്.

ഷാജുവിനെ സ്വന്തമാക്കാനാണ് ഷാജുവിവിന്റെ ഭാര്യയായിരുന്ന സിലിയെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തിലുള്ളത്. മരുന്നിലാണ് സിനിക്ക് സയനൈഡ് നൽകിയത്. മരുന്നുകഴിച്ച് തളർന്നുവീണ സിലിയെ മനപൂർവ്വം വളരെ താമസിച്ചാണ് ആശുപത്രിയിൽ എത്തിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു. എംഎസ് മാത്യു, പ്രജികുമാർ എന്നിവർ തന്നെയാണ് ഈ കേസിലും രണ്ടും മൂന്നും പ്രതികൾ.