കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി അമേരിക്കൻ മലയാളി വീടിന് മുന്നിൽ കാത്തുനിന്നത് നാലുമണിക്കൂർ, ഭാര്യ വീട്ടിൽ കയറ്റാത്തതിനെ തുടർന്ന് മടക്കം

0
963

പുനലൂർ: കോവിഡ് പരിശോധനയ്ക്കും ക്വാറന്റൈനും ശേഷം മക്കളെ കാണാൻ വീട്ടിലെത്തിയ അമേരിക്കൻ മലയാളിയെ ഭാര്യ വീട്ടിൽ കയറ്റിയില്ല. ഭാര്യയും മക്കളും താമസിക്കുന്ന തെന്മല വെള്ളിമലയിലെ വീട്ടിലെത്തിയ മധുര സ്വദേശി ഭാസ്‌കറിനെയാണ് ഭാര്യ വീട്ടിൽ കയറ്റാതിരുന്നത്.

അമേരിക്കയിൽ നിന്നും ഡൽഹി വിമാനത്താവളത്തിൽ എത്തിയ പ്രവാസി ചെന്നൈയിൽ 28 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞിരുന്നു. തുടർന്നാണ് ഇദ്ദേഹം ഭാര്യക്കും മക്കൾക്കുമായി എടുത്തുകൊടുത്ത തെൻമലയിലെ വീട്ടിലെത്തിയത്.

കോവിഡ് ടെസ്റ്റ് നടത്തിയ ശേഷം റിസൾട്ട് നെഗറ്റീവായതിനെ തുടർന്ന് സർക്കാരിന്റെ നിയമങ്ങൾ പാലിച്ച് ട്രാവൽ ഏജൻസി വഴി ഓൺലൈൻ പാസെടുത്താണ് ഇയാൾ വെള്ളിമല വാഴവിളയിലെ വീട്ടിലെത്തിയത്. ഭാര്യ കയറ്റാത്തതിനെ തുടർന്ന് നാലുമണിക്കൂർ നേരം ഇയാൾ വീടിന് മുന്നിൽ നിന്നു. തെന്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈലജയും വാർഡ് മെമ്പറും സ്ഥലത്തെത്തി വീട്ടുകാരോട് യുവാവിനെ വീട്ടിൽ പ്രവേശിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവർ സമ്മതിച്ചില്ല.

മുമ്പ് പഞ്ചായത്ത് പ്രസിഡന്റ് നാട്ടിൽ ക്വാറന്റൈൻ സൗകര്യങ്ങൾ വാഗ്ദാനം ചെയ്‌തെങ്കിലും ഹോം ക്വാറന്റൈൻ മതിയെന്ന് ഭാസ്‌കർ പറഞ്ഞിരുന്നു. എന്നാൽ ഇത് ഭാര്യയ്ക്ക് സമ്മതമായിരുന്നില്ല. വീടിന് മുന്നിൽ മണിക്കൂറുകളോളം ചെലവഴിച്ച ശേഷവും ഭാര്യ വീട്ടിൽ കയറ്റാത്തതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈലജയും വാർഡ് മെമ്പറും ഇടപ്പെട്ട് ഇയാളുടെ കാർ വീട്ടിൽ നിന്നും എടുത്ത് നൽകിയതോടെ ഇയാൾ മധുരയ്ക്ക് മടങ്ങി.