മുഖ്യമന്ത്രിയ്ക്കായി തയ്യാറാക്കിയിരുന്ന വേദി കർഷകർ അടിച്ചുതകർത്തു, മഹാകിസാൻ പഞ്ചായത്ത് റദ്ദാക്കി

0
232

ന്യൂഡൽഹി: കാർഷിക നിയമങ്ങളുടെ നേട്ടങ്ങളെപ്പറ്റി കർഷകരുമായി സംവദിക്കാനും ഗ്രാമസന്ദർശനം നടത്താനുമായി ഹരിയാണ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പങ്കെടുക്കാനിരുന്ന പരിപാടിയുടെ വേദി സമരക്കാർ അടിച്ചുതകർത്തു. മഹാകിസാൻ പഞ്ചായത്ത് എന്ന പരിപാടിയുടെ കർണാലിലെ വേദിയാണ് കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ അടിച്ചു തകർത്തത്.

സംഭവത്തെ തുടർന്ന് ഖട്ടർ പരിപാടി റദ്ദാക്കി.പ്രശ്നമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് കനത്ത സുരക്ഷയാണ് പ്രദേശത്ത് ഏർപ്പെടുത്തിയിരുന്നത്. നിരവധി പൊലീസുകാരെയും വിന്യസിച്ചിരുന്നു. എന്നാൽ വേദിയിലേക്ക് കടക്കാൻ സമരക്കാർ ശ്രമിച്ചതോടെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.തുടർന്ന് കർഷകരും പൊലീസും ഏറ്റുമുട്ടി.

സമരക്കാർ വേദി നശിപ്പിക്കുകയും കസേരകൾ വലിച്ചെറിയുകയും പോസ്റ്ററുകൾ വലിച്ചു കീറി നശിപ്പിക്കുകയും ചെയ്തു.സ്ഥലത്തേക്കുള്ള എല്ലാവഴികളും പൊലീസ് അടച്ചിരിക്കുകയാണ്. നിലവിൽ വിന്യസിച്ചിരിക്കുന്നവർക്ക് പുറമെ അയൽ ജില്ലകളിൽ നിന്നും പൊലീസിനെ സംഘർഷ സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്. കൂടാതെ, സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി ഡ്യൂട്ടി മജിസ്ട്രേറ്റുമാരെ ഏർപ്പെടുത്തിയിട്ടുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here