ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചു, അധ്യാപകനെതിരെ കേസ്

0
37

കട്ടപ്പന: ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ കേസ്. കട്ടപ്പന പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്‌കൂളിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
ഈട്ടിത്തോപ്പ് പിരിയംമാക്കൽ ഷെല്ലി ജോർജിനെതിരെയാണ് കേസ്. ദൂരസ്ഥലത്തുനിന്നും വന്ന് ഹോസ്റ്റലിൽ നിന്നു പഠിക്കുന്ന വിദ്യാർത്ഥിനിയുടെ ശരീരത്തിൽ പ്രതി കടന്നു പിടിച്ചതായി പരാതിയിൽ പറയുന്നു.

വിദ്യാർത്ഥിനിയുടെ പരാതിയിൽ കട്ടപ്പന പൊലീസ് കേസെടുത്തതോടെ കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയുടെ ഭാരവാഹിയായ ഷെല്ലി ജോർജ് ഒളിവിൽ പോയിരിക്കുകയാണ്. മുൻപ് ബസ് യാത്രയ്ക്കിടയിൽ യാത്രക്കാരിയോട് സമാന രീതിയിൽ പെരുമാറിയതിന് ഷെല്ലി ജോര്ജിനെതിരെ എരുമേലി പൊലീസിൽ പരാതി ലഭിച്ചിരുന്നു. എന്നാൽ രാഷ്ട്രീയ സംഘടനാ സ്വാധീനത്താൽ പരാതി ഒത്തു തീർക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

അതേസമയം കൊല്ലം കുളത്തൂപ്പുഴയിൽ പതിനഞ്ചുകാരി പ്രസവിച്ചു. 2016 ൽ കുളത്തൂപ്പുഴ പൊലീസ് രജിസ്റ്റർ ചെയ്ത പോക്‌സോ കേസിലെ ഇരയായ പെൺകുട്ടിയാണ് പ്രസവിച്ചത്. ഈ കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം പെൺകുട്ടി വീണ്ടും പീഡിപ്പിക്കപ്പെട്ടെന്നാണ് വിവരം. സംഭവത്തിൽ കുളത്തൂപ്പഴ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പെൺകുട്ടി പ്രസവിച്ച വിവരമറിഞ്ഞ് വീട്ടിലെത്തിയ ആരോഗ്യപ്രവർത്തകരോട് താനാണ് പ്രസവിച്ചതെന്ന് തെറ്റിദ്ധരിപ്പിച്ച് കുട്ടിയുടെ അമ്മ ആശുപത്രിയിൽ എത്തിയിരുന്നു. തുടർപരിശോധനയ്ക് ഇവർ വിസമ്മതിച്ചതോടെ ആശുപത്രി അധികൃതർ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഒടുവിലാണ് മകളാണ് കുഞ്ഞിനു ജന്മംനൽകിയതെന്ന് ഇവർ സമ്മതിച്ചത്.