ബംഗലൂരു: ബംഗലൂരു ലഹരി മരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയതിനെ തുടർന്ന് ബിനീഷിനെ ബംഗലൂരൂ സിറ്റി സിവിൽ കോടതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹാജരാക്കി. കേസിലെ രണ്ടാം പ്രതി അനൂപ് മുഹമ്മദുമായി പണമിടപാട് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബിനീഷിനെ ചോദ്യം ചെയ്യലിനു ശേഷം കസ്റ്റഡിയിലെടുത്തത്.
അനൂപ് മുഹമ്മദിന്റെ സാമ്പത്തിക സ്രോതസ് ബിനീഷാണെന്നും പല അക്കൗണ്ടുകളിൽ നിന്നും അനൂപിന്റെ അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപയെത്തിയെന്നും ഇ.ഡി വ്യക്തമാക്കി.
രാവിലെ രണ്ടാം പ്രാവശ്യം ചോദ്യം ചെയ്യലിന് എൻഫോഴ്സ്മെന്റ് ഓഫീസിൽ ഹാജരായ ബിനീഷിനെ രണ്ടരയോടെ കസ്റ്റഡിയിൽ എടുത്തതായി ഇ.ഡി ഓഫീസ് വ്യക്തമാക്കി. ഒരു ടാക്സി കാറിൽ ബിനീഷുമായി എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പുറത്തേക്ക് പോയി. ബിനീഷിനെ ബംഗലൂരു സിറ്റി സിവിൽ കോടതിയിൽ ഹാജരാക്കാനായിരുന്നു ഈ നീക്കം.
സാമ്പത്തിക ഇടപാടുകളെല്ലാം പരിശോധിച്ച ശേഷമായിരുന്നു ഇന്ന് ഇ.ഡി ബിനീഷിനെ ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം വിളിപ്പിച്ചിരുന്നുവെങ്കിലും ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ബിനീഷ് ഒഴിഞ്ഞുമാറിയിരുന്നു.