സെക്രട്ടറിയേറ്റില്‍ വ്യാജ ജോലി വാഗ്ദാനം, 81 ലക്ഷം രൂപ തട്ടിയ മുന്‍ സെക്രട്ടറിയേറ്റ് ജീവനക്കാരന്‍ അറസ്റ്റില്‍

0
17

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ വ്യാജ ജോലി വാഗ്ദാനം ചെയ്ത് 81 ലക്ഷം രൂപ തട്ടിയ മുന്‍ സെക്രട്ടറിയേറ്റ് ജീവനക്കാരന്‍ അറസ്റ്റില്‍. മലയന്‍കീഴ് സ്വദേശി ഷൈജിന്‍ ബ്രിട്ടോയാണ് പിടിയിലായത്.

രാമപുരം സ്വദേശിയുടെ കൈയ്യില്‍ നിന്നും 81 ലക്ഷം രൂപയാണ് സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് തസ്തികയില്‍ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് ഷൈജിന്‍ തട്ടിയത്. രാമപുരം സ്വദേശിയായ ജിതിനാണ് തട്ടിപ്പിന് ഇരയായത്. ഷൈജിന്റെ വാഗ്ദാനത്തില്‍ വിശ്വസിച്ച് 2021 ഏപ്രില്‍ 21 മുതല്‍ 2022 ഫെബ്രുവരി ഏഴ് വരെ ഏകദേശം 81,15000 രൂപയാണ് ജിതിന്‍ നല്‍കിയത്.

ഷൈജിനും ഭാര്യ രാജിയും ജിതിന്റെ പക്കല്‍ നിന്നും പണം വാങ്ങിയ ശേഷം ചില വ്യാജ രേഖകള്‍ നല്‍കി ജോലി നല്‍കാതെ ചതിച്ചെന്നാണ് പരാതി. പണം തട്ടിപ്പ്, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങളാണ് പൊലീസ് ഇവരുടെ മേല്‍ ചുമത്തിയിരിക്കുന്നത്.