ജോവാൻ ഓഫ് ആർക്, ജീവനോടെ തീ കൊളുത്തപ്പെട്ട വിശുദ്ധ

0
103

ജോവാൻ ഓഫ് ആർക് എന്ന ധീരവനിതയെ കുറിച്ച് കേട്ടിട്ടിഫല്ലാത്തവർ കുറവായിരിക്കും. ഫ്രാൻസിന്റെ ചരിത്രത്തിൽ തിളങ്ങി നിൽക്കുന്ന ജോവാന്റെ കഥ ഒരു വിശുദ്ധയുടെ കഥ കൂടിയാണ്. ജോവാന്റെ മരണത്തിനും അഞ്ഞൂറു വർഷങ്ങൾക്കു ശേഷമാണ് അവരെ വിശുദ്ധയായി പ്രഖ്യാപിച്ചത്. സംഭവ ബഹുലമാണ് ജോവാന്റെ കഥ.

ഫ്രാൻസിലെ ലൊറൈനിലാണ് അവർ ജനിച്ചത്. യേശുവിനെ കുഞ്ഞുനാൾ മുതൽ സ്നേഹിച്ച ജോവാന് 13-ാം വയസു മുതൽ ദർശനങ്ങൾ ലഭിച്ചു തുടങ്ങി. മിഖായേൽ ദൈവദൂതൽ, നാലാം നൂറ്റാണ്ടിൽ ജീവിച്ച വി. മാർഗരറ്റ്, കന്യകയായ വി. കാതറിൻ എന്നിവർ അവൾക്കു പ്രത്യക്ഷപ്പെട്ടു. ആടുകളെ മേയ്ക്കുകയായിരുന്നു ജോവാന്റെ തൊഴിൽ. വിശുദ്ധരുടെ ദർശനങ്ങളിലൂടെദൈവം വലിയ ചുമതലകളാണ് തന്നെ ഏൽപ്പിച്ചിരിക്കുന്നതെന്ന് അവൾ മനസിലാക്കി.

അക്കാലത്ത് ഫ്രാൻസിന്റെ ഭൂരിഭാഗവും ഇംഗ്ലണ്ടിന്റെ കീഴിലായിരുന്നു.ഫ്രാൻസിന്റെ യഥാർഥ രാജാവിനെ കണ്ടെത്തി അദ്ദേഹത്തിനു രാജ്യം തിരിച്ചുനേടിക്കൊടുക്കുക എന്നതായിരുന്നു അവൾക്കു ദൈവം കൊടുത്ത ചുമതല. കൗമാരപ്രായം വിട്ടിട്ടില്ലാത്ത ഒരു ആട്ടിടയത്തി ഇംഗ്ലണ്ട് പോലെ ഒരു വലിയ സാമ്രാജ്യത്തോട് എങ്ങനെ പോരാടും? ഏതാണ്ട് മൂന്നുവർഷത്തോളം അവൾ ഇതു മനസിലിട്ടുകൊണ്ടു നടന്നു. ദർശനങ്ങൾ വീണ്ടും ലഭിച്ചതോടെ അവൾ രംഗത്തിറങ്ങി. കിരീടാവകാശിയായ ചാൾസ് ഏഴാമനെ കണ്ടെത്തി തനിക്കുണ്ടായ ദർശനങ്ങളെക്കുറിച്ചു പറഞ്ഞു. ഫ്രഞ്ച് സൈന്യത്തെ നയിക്കുന്ന ചുമതല ജോവാൻ ഏറ്റെടുത്തു.

‘ഈശോ, മറിയം’ എന്നെഴുതിയ വലിയൊരു ബാനറും മുന്നിൽ പിടിച്ചുകൊണ്ട് അവൾ പടനയിച്ചു. യുദ്ധത്തിനിടെ പരുക്കേറ്റിട്ടും ജോവാൻ പിൻമാറിയില്ല.ഫ്രാൻസിന്റെ പ്രദേശങ്ങൾ ഒരോന്നായി തിരിച്ചുപിടിച്ചു. ചാൾസ് ഏഴാമനു തന്റെ സിംഹാസനം തിരികെ കൊടുക്കുന്നതിന് ജോവാന്റെ പോരാട്ടങ്ങൾ സഹായിച്ചു. പാരീസ് പിടിച്ചെടുക്കുന്നതിനുള്ള പോരാട്ടം തുടരുന്നതിനിടെ ജോവാനു വീണ്ടും പരുക്കേറ്റു. വൈകാതെ അവൾ പിടിയിലായി. ക്രൂരമായ പീഡനങ്ങൾ അവൾക്കു ഏറ്റുവാങ്ങേണ്ടി വന്നു. അവളെ വിവസ്ത്രയാക്കി പീഡിപ്പിച്ചു. ഇംഗ്ലീഷ് സൈന്യം അവളെ വിചാരണ നടത്തുകയും ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തുകയും ചെയ്തു.

ജോവാനെ വിചാരണ നടത്തിയ ഇംഗ്ലീഷുകാരനായ ബിഷപ്പ് അവളെ കൊല്ലാനാണ് ഉത്തരവിട്ടത്. എന്നാൽ, ജോവാന്റെ മരണശേഷം 23 വർഷം കഴിഞ്ഞപ്പോൾ അവളുടെ കേസ് വീണ്ടും വിചാരണ നടത്തുകയും അവളെ സഭ കുറ്റവിമുക്തയാക്കുകയും ചെയ്തു. 1920ൽ ജോവാനെ വിശുദ്ധയായി പ്രഖ്യാപിച്ചു. തടവുകാരുടെയും സൈനികരുടെയും, ന്യായീകരണമില്ലാതെ സഭാ അധികൃതർ കൈവിടുന്നവരുടെയും ബലാത്സംഗത്തിന് ഇരയാകുന്നവരുടെയുമൊക്കെ വിശുദ്ധയാണ് ജോവാൻ