ശുദ്ധീകരണസ്ഥലത്തെപ്പറ്റി നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍

0
259

പലപ്പോഴും ഒരു സ്ഥലമായി സങ്കല്പിക്കപ്പെടുന്ന ശുദ്ധീകരണ സ്ഥലം യഥാര്‍ത്ഥത്തില്‍ ഒരു അവസ്ഥയാണ്. ഒരു വ്യക്തി ദൈവകൃപാവരത്തില്‍ (അതുകൊണ്ട് ദൈവത്തോടും മനുഷ്യരോടും സമാധാനത്തില്‍) മരിക്കുന്നു. എന്നാലും ദൈവത്തെ മുഖാമുഖം ദര്‍ശിക്കുന്നതിനുമുമ്പ് വിശുദ്ധീകരണം ആവശ്യമാണ്. അങ്ങനെയെങ്കില്‍ ആ വ്യക്തി ശുദ്ധീകരണസ്ഥലത്താണ് (ശുദ്ധീകരണാവസ്ഥയിലാണ്). [1030-1031]

പത്രോസ് കര്‍ത്താവിനെ തള്ളിപ്പറഞ്ഞപ്പോള്‍, കര്‍ത്താവ് പത്രോസിന്റെ നേരെ നോക്കി. അപ്പോള്‍ ”പത്രോസ് പുറത്തുപോയി കഠിന ദുഃഖത്തോടെ വിലപിച്ചു’. അത് ശുദ്ധീകരണസ്ഥലത്തിലായിരിക്കുന്നതുപോലുള്ള ഒരു അനുഭവമാണ്. മിക്കവാറും അതുപോലുള്ള ഒരു ശുദ്ധീകരണം മരണനിമിഷത്തില്‍ നമ്മെ മിക്കവരെയും കാത്തിരിക്കുന്നുണ്ടാവും. സ്‌നേഹപൂര്‍ണതയോടെ കര്‍ത്താവു നമ്മെ നോക്കുന്നു. നാം ദഹിപ്പിക്കുന്ന ലജ്ജ അനുഭവിക്കും. തിന്മനിറഞ്ഞ അല്ലെങ്കില്‍ കേവലം സ്‌നേഹരഹിതമായ പെരുമാറ്റത്തെക്കുറിച്ച് വേദനാജനകമായ പശ്ചാത്താപമുണ്ടാകും. ഈ വിശുദ്ധീകരണ വേദനയ്ക്കു ശേഷം മാത്രമേ പ്രശാന്തമായ സ്വര്‍ഗീയ സന്തോഷത്തില്‍ അവിടത്തെ സ്‌നേഹപൂര്‍ണമായ നോട്ടം കണ്ടുമുട്ടാനാവുകയുള്ളൂ.

ശുദ്ധീകരണ സ്ഥലത്തില്‍ ആത്മാക്കളെ ശുദ്ധീകരിക്കുന്ന അഗ്‌നിയെപ്പറ്റി പല വിശുദ്ധരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഈ അഗ്‌നി നരകത്തിന്റെ അഗ്‌നിയില്‍ നിന്നും വ്യത്യസ്തമാണ് എന്നു നാം മനസ്സിലാക്കണം. ശുദ്ധീകരണസ്ഥലത്തെ അഗ്‌നിയെപ്പറ്റി വി.പൗലോസ് ശ്ലീഹാ നമ്മെ പഠിപ്പിക്കുന്നുണ്ട്. ‘..ഓരോരുത്തരുടെയും പണി ഏതു തരത്തിലുള്ളതെന്ന് അഗ്‌നി തെളിയിക്കുകയും ചെയ്യും. ആരുടെ പണി നില്‌നില്‍ക്കുന്നുവോ അവന്‍ സമ്മാനിതനാകും. ആരുടെ പണി അഗ്‌നിക്കിരയാകുന്നുവോ അവന്‍ നഷ്ടം സഹിക്കേണ്ടി വരും. എങ്കിലും അഗ്‌നിയിലൂടെയെന്ന പോലെ മാത്രം അവന്‍ രക്ഷ പ്രാപിക്കും” (1 കൊറി 3:13-15).

ആരംഭകാലം മുതല്‍ സഭ മരിച്ചവരുടെ അനുസ്മരണത്തെ ആദരിക്കുകയും അവര്‍ക്കു വേണ്ടി പരിഹാര പ്രാര്‍ത്ഥനകള്‍, സര്‍വ്വോപരി ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തിരുന്നു. അവര്‍ ശുദ്ധീകരിക്കപ്പെട്ട് ദൈവത്തിന്റെ സൗഭാഗ്യദര്‍ശനം പ്രാപിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. മരിച്ചവര്‍ക്കു വേണ്ടിയുള്ള ധര്‍മ്മദാനം, ദണ്ഡവിമോചന കര്‍മ്മങ്ങള്‍, പ്രായശ്ചിത്തപ്രവൃത്തികള്‍ എന്നിവയും സഭ പ്രോത്സാഹിപ്പിക്കുന്നു.

”നമുക്ക് അവരെ സഹായിക്കുകയും അവരുടെ ഓര്‍മ്മ ആചരിക്കുകയും ചെയ്യാം. ജോബിന്റെ പുത്രന്മാര്‍ തങ്ങളുടെ പിതാവിന്റെ ബലി വഴി ശുദ്ധീകരിക്കപ്പെട്ടുവെങ്കില്‍ മരിച്ചവര്‍ക്കു വേണ്ടിയുള്ള നമ്മുടെ കാഴ്ചകള്‍ അവര്‍ക്ക് അല്പം ആശ്വാസം നല്‍കുമെന്നതില്‍ നാം എന്തിനു സംശയിക്കണം. മരിച്ചവരെ സഹായിക്കുന്നതിലും നമ്മുടെ പ്രാര്‍ത്ഥനകള്‍ അവര്‍ക്കായി സമര്‍പ്പിക്കുന്നതിലും നാം ശങ്കിക്കരുത്” (CCC 1030- 1032).

ഒരു മനുഷ്യന്‍ മരിച്ചു കഴിയുമ്പോള്‍ തനിക്കു വേണ്ടിത്തന്നെ ഒന്നും ചെയ്യാന്‍ അയാള്‍ക്കു കഴിയുകയില്ല. യോഗ്യത നേടാനുള്ള പ്രവര്‍ത്തനക്ഷമമായ പരീക്ഷണഘട്ടം അവസാനിച്ചു. എന്നാല്‍, മരിച്ചു ശുദ്ധീകരണാവസ്ഥയിലായിരിക്കുന്ന വിശ്വാസികള്‍ക്കു വേണ്ടി ചില കാര്യങ്ങള്‍ ചെയ്യാന്‍ നമുക്കു കഴിയും. നമ്മുടെ സ്‌നേഹം മരണാനന്തര ജീവിതത്തിലേക്കും വ്യാപിക്കുന്നു. നമ്മുടെ പ്രാര്‍ത്ഥനകള്‍, സത്കര്‍മ്മങ്ങള്‍ എന്നിവ വഴി, സവിശേഷമായി വിശുദ്ധ കുര്‍ബാനയുടെ ആഘോഷം വഴി മരിച്ചവര്‍ക്കു വേണ്ടി ദൈവകൃപ നേടാന്‍ നമുക്കു സാധിക്കും (YOUCAT 160).

ശുദ്ധീകരണസ്ഥലത്ത് നിന്ന് ഒരു വ്യക്തിയുടെ ആത്മാവ് സ്വര്‍ഗ്ഗത്തിലേക്ക് ആണ് പോകുന്നത് എന്നതിനാല്‍ നമ്മുടെ പ്രാര്‍ത്ഥന വഴി സ്വര്‍ഗത്തില്‍ എത്തിയ ഒരു ആത്മാവ് ദൈവസന്നിധിയില്‍ നമുക്ക് വേണ്ടി തിരിച്ചും മാധ്യസ്ഥം വഹിക്കും എന്ന് നമുക്ക് ഉറപ്പിക്കാം.

വിശുദ്ധ ഫൌസ്റ്റീനയുടെ ഡയറിയില്‍ വിവരിച്ചിരിക്കുന്ന ഒരനുഭവം ഇപ്രകാരമാണ്- ”രണ്ടുമാസം മുന്‍പ് മരണപ്പെട്ട ഒരു സിസ്റ്റര്‍ ഒരു രാത്രിയില്‍ എന്റെ അടുക്കല്‍ വന്നു. വളരെ ഭീകരമായൊരു അവസ്ഥയിലായിരുന്നു അവര്‍. അവരുടെ മുഖം വളരെയേറെ വികൃതമായിരുന്നു. അവര്‍ക്ക് വേണ്ടിയുള്ള എന്റെ പ്രാര്‍ത്ഥന ഞാന്‍ ഇരട്ടിയാക്കി. അവര്‍ വീണ്ടും എന്റെ പക്കല്‍ വന്നു. ഇപ്രാവശ്യം അവരുടെ മുഖം പ്രകാശപൂരിതമായിരിന്നു. അവളുടെ കണ്ണുകള്‍ ആഹ്ലാദംകൊണ്ട് നിറഞ്ഞിരിന്നു. എന്റെ സ്‌നേഹിതരോട് എനിക്ക് ശരിയായ സ്‌നേഹമുണ്ടെന്നും, എന്റെ പ്രാര്‍ത്ഥനകളാല്‍ ശുദ്ധീകരണ സ്ഥലത്തെ ധാരാളം ആത്മാക്കള്‍ക്ക് മോക്ഷം ലഭിച്ചുവെന്നും അവര്‍ എന്നെ അറിയിച്ചു. ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടിയുള്ള എന്റെ പ്രാര്‍ത്ഥനകള്‍ മുടക്കരുതെന്നവര്‍ എന്നോടു അപേക്ഷിച്ചു. അവര്‍ അധികകാലം അവിടെ ഉണ്ടാവുകയില്ലെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. ദൈവത്തിന്റെ പ്രമാണങ്ങള്‍ എത്രയോ വിസ്മയാവഹം!”

വിശുദ്ധ ജെര്‍ത്രൂദിന് ഒരു പ്രാര്‍ത്ഥന നല്കിക്കൊണ്ട് കര്‍ത്താവ് ഇപ്രകാരം പറഞ്ഞു: ‘ ഈ പ്രാര്‍ത്ഥന ഒരു പ്രാവശ്യം ചൊല്ലുമ്പോള്‍ ഞാന്‍ ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്നും സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോകും.” നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.