
ടൊറണ്ടോ: കാനഡയിലെ സസ്‌ക്വാചാനില്‍ 10 പേരെ അക്രമികള്‍ കുത്തിക്കൊന്നു. 15 പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 13 ഇടങ്ങളിലായി നടന്ന അക്രമത്തില്‍ പ്രതികളെ ഇതുവരെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
ഞായറാഴ്ചയാണ് സംഭവം . ഡാമിയന്‍ സാന്‍ഡേഴ്‌സണ്‍, മിലസ് സാന്‍ഡേഴ്‌സണ്‍ എന്നീ രണ്ടു പേരാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇവരെ പിടികൂടുന്നതിനുള്ള ശ്രമം നടന്നു വരികയാണ്.സ്മിത് ക്രീ ഫസ്റ്റ് നാഷണല്‍ ഏരിയാ, പ്രിന്‍സ് ആല്‍ബര്‍ട്ടാ, റീജിന എന്നിവിടങ്ങളില്‍ സംശയാസ്പദമായ രീതിയില്‍ ആളുകളെ കണ്ടാല്‍ വിവരം 911 എന്ന എമര്‍ജന്‍സി നമ്പറില്‍ അറിയിക്കാനും പൊലീസ് നിര്‍ദേശമുണ്ട്.
സസ്‌ക്വാചാന്‍ പ്രവിശ്യയിലെ ജയിംസ് സ്മിത് ക്രീ ഫസ്റ്റ് നാഷണല്‍ ഏരിയാ, പ്രിന്‍സ് ആല്‍ബര്‍ട്ടാ, റീജിന എന്നിവിടങ്ങളില്‍ ജാഗ്രത ശക്തമാക്കിയെന്നും ആളുകള്‍ സുരക്ഷിതരായി വീടുകളില്‍ തന്നെ തുടരണമെന്നും പൊലീസ് അറിയിച്ചു.മേഖലയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഫുട്‌ബോള്‍ മത്സരവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തില്‍ തീവ്രദുഃഖവും ഞെട്ടലുമുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ആളുകളുടെ ദുഃഖം മനസ്സിലാക്കുകയും അതില്‍ പങ്കുചേരുകയും ചെയ്യുന്നു. അക്രമികളോട് ഏതിര്‍ത്തു നിന്നവരെയും ഈ സമയം ഓര്‍ക്കുന്നു. എല്ലാവരും പ്രാദേശികമായി പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് സുരക്ഷിതരായി തുടരണം.ആക്രമണത്തിന് ഇരയായവരെ സഹായിക്കാന്‍ ഭയം കൂടാതെ ഓടിയെത്തിയ ധീരരെ നന്ദിയോടെ ഓര്‍ക്കുന്നതായി അദ്ദേഹം തന്റെ സന്ദേശത്തില്‍ പറഞ്ഞു.
യുഎസ് പോലെയുള്ള രാജ്യങ്ങളില്‍ വെടിവയ്പ്പില്‍ ഉള്‍പ്പെടെ ആളുകള്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ ഇടയ്ക്കിടെ നടക്കാറുണ്ടെങ്കിലും സമീപ രാജ്യമായ കാനഡയില്‍ ഇത്തരം അക്രമ സംഭവങ്ങള്‍ വളരെ വിരളമായി മാത്രമെ റിപ്പോര്‍ട്ട് ചെയ്യാറുള്ളു.