ജനനനിയന്ത്രണം, സഭയുടെ നിലപാടിൽ മാറ്റമുണ്ടാകില്ലെന്ന് ഫ്രാൻസിസ് പാപ്പ

0
15

ധർമ്മശാസ്ത്രവും സഭാപ്രബോധനവും കാലത്തിനനുസരിച്ചു വികസിക്കുമെന്നും എന്നാൽ നിലവിലുള്ള അതേ ദിശയിൽ തന്നെയായിരിക്കും ഈ വികാസമെന്നും ഫ്രാൻസിസ് പാപ്പ. ജനനനിയന്ത്രണത്തെ സംബന്ധിച്ച സഭയുടെ പ്രബോധനത്തിൽ മാറ്റമുണ്ടാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു പാപ്പ. കാനഡയിൽ നിന്നുള്ള മടക്കയാത്രയിൽ വിമാനത്തിൽ വച്ചാണു പാപ്പ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിച്ചത്. കാനഡായിലെ റെസിഡെൻഷ്യൽ സ്‌കൂളുകളിൽ നടന്നത് സാംസ്‌കാരിക വംശഹത്യയാണെന്നു പാപ്പാ ആവർത്തിച്ചു.

കത്തോലിക്കാ ധാർമ്മിക ദൈവശാസ്ത്രം നിശ്ചലമായിരിക്കുകയില്ലെന്നും കാലത്തിനു അനുസരിച്ചു വളരുന്നതായിരിക്കുമെന്നും അങ്ങനെയാണതു കൂടുതൽ സ്ഥിരതയാർജിക്കുകയെന്നുമുള്ള തത്വം അഞ്ചാം നൂറ്റാണ്ടിൽ തന്നെ വി. വിൻസെന്റ് ഓഫ് ലെറിൻസ് പഠിപ്പിച്ചിട്ടുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. അതുകൊണ്ടാണു ഗവേഷണവും ദൈവശാസ്ത്രവിചിന്തനങ്ങളും നടത്തിക്കൊണ്ടിരിക്കുക എന്നത് ദൈവശാസ്ത്രജ്ഞരുടെ കടമയായിരിക്കുന്നത്. ”അരുത്” മുന്നിൽ വച്ചുകൊണ്ട് ദൈവശാസ്ത്രഗവേഷണം നടത്താനാകില്ല. അരുതു പറയേണ്ടത് സഭയുടെ പ്രബോധനാധികാരമാണ്. -മാർപാപ്പ പറഞ്ഞു.

പങ്കാളികളുടെ ഉദ്ദേശ്യം ന്യായമായിരുന്നാലും ധാർമ്മികമായ അസ്വീകാര്യമായ മാർഗങ്ങൾ (വന്ധ്യംകരണവും കൃത്രിമജനനനിയന്ത്രണവും) ജനനനിയന്ത്രണത്തിനായി സ്വീകരിക്കരുതെന്നു കത്തോലിക്കാസഭയുടെ വേദോപദേശം പഠിപ്പിക്കുന്നുണ്ട്. 1968 ൽ പോൾ ആറാമൻ മാർപാപ്പ പുറപ്പെടുവിച്ച മനുഷ്യജീവൻ (ഹ്യുമാനേ വീത്തേ) എന്ന ചാക്രികലേഖനവും ഇക്കാര്യം ആവർത്തിച്ചുറപ്പിച്ചിട്ടുണ്ട്.