കൊറോണയല്ല, അവന്റെ അപ്പൻ വന്നാലും മനുഷ്യൻ നന്നാവില്ല, ട്രാൻസ്‌വുമൻ സജനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഡോ.ഷിംന അസീസ്

0
49

കൊച്ചി: ബിരിയാണിയും പൊതിച്ചോറും കച്ചവടവും മുടക്കി ട്രാൻസ്വുമൻ സജന ഷാജിയുടെ ജീവിതം വഴിമുട്ടിച്ചവർക്കെതിരെയും സജനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചും ഡോ.ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ട്രെയിനിൽ ഭിക്ഷാടനം നടത്തിയിരുന്നിടത്ത് നിന്ന് മാറി ആത്മാഭിമാനത്തോടെ ജോലി ചെയ്ത് ജീവിക്കാനായി ഒരു കച്ചവടം തുടങ്ങിയതാണവർ. ആരെപ്പോലെയും അധ്വാനിച്ച് തിന്നാൻ സകല അവകാശവുമുള്ളൊരു പെണ്ണ്. അവരുടെ അന്നമാണ് മുടക്കിയതെന്ന് ഷിംന പറയുന്നു. സജന ഒരു കാരണവശാലും പട്ടിണി കിടക്കരുത്. ആ ഉത്തരവാദിത്വം അവരോട് ഈ കൊടുംപാതകം ചെയ്ത സമൂഹത്തിന്റെ ഭാഗമായ നമുക്കോരോരുത്തർക്കുമുണ്ടെന്നും ഷിംന ഓർമിപ്പിച്ചു. താടി രോമങ്ങൾ കളയാനായി ലേസർ ചെയ്തപ്പോൾ ഒരു ട്രാൻസ് വുമനിനുണ്ടായ വേദനാജനകമായ അനുഭവത്തെ കുറിച്ചും ഷിംന പ്രതികരിച്ചു.

ഷിംന അസീസിന്റെ ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ

ചെറുതല്ലാത്തൊരു സൗഹൃദക്കൂട്ടമുണ്ടെനിക്ക്. മക്കളുടെ പ്രായമുള്ളവർ തൊട്ട് അപ്പൂപ്പന്മാർ വരെ. അവരെയൊക്കെ സ്‌നേഹിക്കാനും വർത്താനം പറഞ്ഞിരിക്കാനുമുള്ള ഇഷ്ടവും ചെറുതല്ല. അതിൽ ഏറ്റവും വില മതിക്കുന്ന ഒരുവൾ പണ്ട് ഒരുവനായിരുന്നു. വ്യക്തമായി പറഞ്ഞാൽ അവളൊരു ട്രാൻസ്വുമണാണ്.

കഴിഞ്ഞ ദിവസം ഉറക്കമുണർന്ന് റിലേ വരുന്നതിന് മുന്നേയുള്ള വാട്ട്‌സാപ്പ് തോണ്ടലിൽ അവളുടെ ഒരു സെൽഫി വന്ന് കിടക്കുന്നു. താടിരോമങ്ങൾ കളയാൻ വേണ്ടി ലേസർ ചെയ്തിടത്ത് ഓരോ രോമക്കുഴിയും പഴുത്ത് നിറയെ കുരുക്കൾ. ആദ്യമായാണ് ഇങ്ങനെ വരുന്നതെന്ന് പറയുമ്പഴും അവൾക്ക് വല്ല്യ ഭാവമാറ്റമൊന്നും കാണാനില്ല. എനിക്കാണേൽ അത് കണ്ടിട്ട് സഹിക്കാനാകുന്നുമില്ല.

മരുന്ന് പറഞ്ഞ് കൊടുക്കാനായി വീഡിയോ കൺസൾട്ടേഷന് വിളിച്ചപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി. ഒരു പറ്റം രോമങ്ങളുടെ ഏരിയ മുഴുവൻ പഴുത്ത് ചുവന്ന് നീര് വെച്ച്… കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്ന് കാശ് സ്വരുക്കൂട്ടി പല ശാരീരിക ബുദ്ധിമുട്ടുകൾ പകരുന്ന മരുന്ന് കഴിച്ച്…ഇതെല്ലാം എന്തിനാണ്? സ്വന്തം ഐഡന്റിറ്റി നില നിർത്താൻ… പെണ്ണായിരിക്കാൻ.

ഇന്ന് വേറൊരു ട്രാൻസ്വുമണിന്റെ, കൃത്യമായി പറഞ്ഞാൽ, കേരളത്തിൽ ആദ്യമായി ട്രാൻസ് ഐഡന്റിറ്റിയിൽ റേഷൻ കാർഡും ഡ്രൈവിങ്ങ് ലൈസൻസും വോട്ടർ കാർഡും കിട്ടിയ സജ്‌ന ഷാജിയുടെ ബിരിയാണി കച്ചവടം കുറേ സാമൂഹ്യവിരുദ്ധർ ചേർന്ന് മുടക്കിയത് പറഞ്ഞവർ പൊട്ടിക്കരയുന്ന വീഡിയോ കണ്ടു. ട്രെയിനിൽ ഭിക്ഷാടനം നടത്തിയിരുന്നിടത്ത് നിന്ന് മാറി ആത്മാഭിമാനത്തോടെ ജോലി ചെയ്ത് ജീവിക്കാനായി ഒരു കച്ചവടം തുടങ്ങിയതാണവർ. ആരെപ്പോലെയും അധ്വാനിച്ച് തിന്നാൻ സകല അവകാശവുമുള്ളൊരു പെണ്ണ്. അവരുടെ അന്നമാണ് മുടക്കിയത്.

ഇതെഴുതിയിടുന്നത്, ഈ പോസ്റ്റർ ഷെയർ ചെയ്യുന്നത്, അവരുടെ പട്ടിണി മാറ്റാനാണ്. കൊറോണയല്ല, അവന്റെ അപ്പൻ വന്നാലും മനുഷ്യൻ നന്നാവില്ല, ഉപദ്രവങ്ങൾ നിലയ്ക്കില്ല, നിലവിളികളും നെടുവീർപ്പുകളും ഇല്ലാതാകില്ല എന്ന് ഈയിടെയായി ഓരോ ദിവസവും ആവർത്തിച്ച് തെളിയിക്കുന്നുണ്ട്.

കണ്ണീച്ചോരയില്ലാത്ത കിരാതരുടെ കൂട്ടമാണ് നമ്മൾ. മൃഗങ്ങളൊക്കെ എത്രയോ പാവങ്ങളാണ്, മാന്യരാണ്.

സജ്‌ന ഒരു കാരണവശാലും പട്ടിണി കിടക്കരുത്. ആ ഉത്തരവാദിത്വം അവരോട് ഈ കൊടുംപാതകം ചെയ്ത സമൂഹത്തിന്റെ ഭാഗമായ നമുക്കോരോരുത്തർക്കുമുണ്ട്.
ഇനി എറണാകുളത്ത് പോകുന്ന ദിവസം അവരിൽ നിന്ന് ഒരു പൊതി ബിരിയാണി ഞാനും വാങ്ങും.

സജ്‌നാ… നിങ്ങൾ തനിച്ചല്ല. പൊരുതിയേ മതിയാകൂ. ആരുടെയും മേന്മ കൊണ്ടേയല്ല അവർ ആണോ, പെണ്ണോ ട്രാൻസോ ആകുന്നത്.
ജീവിച്ച് കാണിച്ച് കൊടുക്കണം, ഉരുക്കാകണം.

സസ്‌നേഹം,
ഡോ. ഷിംന അസീസ്

LEAVE A REPLY

Please enter your comment!
Please enter your name here