യു.കെയില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്സ് അഞ്ജുവിന്റെയും മക്കള്‍ ജീവ, ജാന്‍വി എന്നിവരുടെയും മൃതദേഹങ്ങള്‍ ഇതുവരെ നാട്ടിലെത്തിക്കാനായില്ല. മൃതദേഹങ്ങള്‍ ഇപ്പോഴും കെറ്ററിംഗ് ആശുപത്രി മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഇതുവരെ പൂര്‍ത്തിയാവാത്തതാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തടസം.
നടപടിക്രമങ്ങള്‍ അവസാനിച്ചയുടന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനെയും അടുത്ത ബന്ധുക്കളെയും വിവരമറിയിക്കും. തുടര്‍ന്നായിരിക്കും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുക. കോറോണേഴ്സ് ഓഫീസ്, നോര്‍ത്താന്റ്സ് പോലീസ്, എന്‍ എച്ച്. എസ്, ക്രൗണ്‍ പ്രോസിക്യുഷന് സര്‍വീസ് തുടങ്ങിയ ഏജന്‍സികളുമായി സഹകരിച്ച് കേസന്വേഷണം പുരോഗമിക്കുന്നതിനാലാണ് കാലതാമസം നേരിടുന്നത്.
ഡിസംബര്‍ 15നാണ് ഭര്‍ത്താവ് സാജു അഞ്ജുവിനെയും മക്കളെയും കൊലചെയ്തത്. പ്രതിയായ ഭര്‍ത്താവ് സാജു ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ജയിലിലാണ്. കേസിന്റെ വിചാരണ ഉടന്‍ ആരംഭിക്കുമെന്ന് കൊറോണേഴ്സ് ഓഫീസും സ്ഥിരീകരിച്ചു. എന്നാല്‍ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.