മറ്റുള്ളവരെ സഹായിക്കാൻ മുമ്പിൽ, അവനെന്റെ അഭിമാനം;പൈലറ്റ് ദീപക് സാഠെയെപ്പറ്റി നിറകണ്ണുകളോടെ അമ്മ

0
1449

“അവനെപ്പോലൊരു മകനുണ്ടായതിൽ ഞാൻ അഭിമാനിക്കുന്നു. മഹാനായ ഒരു മകനായിരുന്നു അവൻ. മറ്റുള്ളവരെ സഹായിക്കുന്നതിൽ എപ്പോഴും മുൻപന്തിയിലായിരുന്നു. ഇപ്പോഴും അവന്റെ അധ്യാപകർ അവനെ അഭിനന്ദിക്കാറുണ്ട്.”

കരിപ്പൂർ വിമാനപകടത്തിൽ കൊല്ലപ്പെട്ട എയർ ഇന്ത്യാ പൈലറ്റ് ക്യാപ്റ്റൻ ദീപക് വസന്ത് സാഠേയെപ്പറ്റി ഇത് പറഞ്ഞപ്പോൾ അമ്മ നീല സാഠേയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

കരിപ്പൂർ വിമാന അപകടത്തിൽ മരിച്ച എയർ ഇന്ത്യ എക്സ്പ്രസിന്റെ പൈലറ്റ് ക്യാപ്റ്റൻ ദീപക് വസന്ത് സാത്തേ ഇന്ത്യയിലെ ഏറ്റവും മികച്ച പൈലറ്റുമാരിലൊരാളായിരുന്നു. യുദ്ധ വിമാനങ്ങളുൾപ്പടെ പറത്തിയിട്ടുള്ള അദ്ദേഹത്തിന് മുപ്പതുവർഷത്തിലേറെയുള്ള പ്രവൃത്തിപരിചയമുണ്ടായിരുന്നു. അധികം മറ്റ് പൈലറ്റുമാർ പറത്താത്ത എയർ ബസ് 310 പോലുള്ള വൈഡ് ബോഡി വിമാനങ്ങളും പറത്തുന്നതിൽ അദ്ദേഹം വിദഗ്ദനായിരുന്നു.

ഇന്ത്യൻ വ്യോമസേനയുടെ പൈലറ്റായി ദീർഘകാലം സേവനമനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം എയർ ഇന്ത്യ എക്സ്പ്രസിൽ പാസഞ്ചർ എയർക്രാഫ്റ്റ് പൈലറ്റായി ജോലിക്ക് ചേർന്നത്. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ ടെസ്റ്റ് പൈലറ്റ് ആയും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇന്ത്യൻ വ്യോമസേനയുടെ അമ്പത്തിയെട്ടാം ബാച്ചംഗമായ സാത്തേ ‘സ്വോർഡ് ഓഫ് ഓണറോ’ടെയാണ് ടോപ്പറായി കോംബാറ്റ് എയർ പൈലറ്റ് പരിശീലനം പൂർത്തിയാക്കിയത്. തുടർന്ന് 1981 -ൽ ഇന്ത്യൻ വ്യോമസേനയിൽ കമ്മീഷൻ ചെയ്തു.