മാനന്തവാടി: മദ്യലഹരിയില്‍ പ്രായപൂര്‍ത്തിയാകാത്ത മക്കളെ മര്‍ദിച്ച കേസില്‍ പ്രതിയായ പിതാവ് തൂങ്ങി മരിച്ച നിലയില്‍. വാളാട് കണ്ണിമൂല കുടിയിരിക്കല്‍ ആന്റണി(45)യാണ് ഇന്നലെ 12.30യോടെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തങ്ങളെ പിതാവ് നിരന്തരം മര്‍ദിക്കുന്നതായും ആയുധം ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിക്കുന്നതായും പത്തും പതിമൂന്നും വയസായ ഇയാളുടെ കുട്ടികള്‍ തലപ്പുഴ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമം 323, ജുവനൈല്‍ ജസ്റ്റിസ് നിയമം എന്നിവയനുസരിച്ചാണ് പൊലീസ് കേസെടുത്തത്. ഇന്നലെ സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആന്റണിയോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആന്റണി സ്റ്റേഷനിലെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കളും പൊലീസും നടത്തിയ തെരച്ചിലില്‍ ആണ് മരിച്ച നിലയില്‍ ഇയാളെ കണ്ടെത്തിയത്.
ഇദ്ദേഹത്തിന്റെ ഭാര്യ ഷാന്റി വിദേശത്താണ് ജോലി ചെയ്യുന്നത്. മദ്യപിച്ചെത്തി കുഞ്ഞുങ്ങളെ മര്‍ദ്ദിക്കുന്നത് സ്ഥിരമായതോടെയാണ് ഭാര്യയുടെ ബന്ധുക്കളുടെ സഹായത്തോടെ കുട്ടികള്‍ പിതാവിനെതിരെ പരാതി നല്‍കിയത്. ഭാര്യ മൂന്ന് മാസം മുമ്പാണ് ജോലിയ്ക്കായി വിദേശത്തേക്ക് പോയത്.