സംശയം, ഭാര്യയെ ഭിത്തിയിൽ തലയിടിച്ച് കൊലപ്പെടുത്തി, ഭർത്താവ് അറസ്റ്റിൽ

0
719

മഞ്ചേരി: ഭാര്യയെ കൊലപ്പെടുത്തിയതിന് ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂമംകുളം നല്ലൂർക്ഷേത്രത്തിന് സമീപം കളത്തിങ്ങൽ പ്രസാദിന്റെ ഭാര്യയും കോവിലകംകുണ്ട് ഉണ്ണികൃഷ്ണന്റെ മകളുമായ വിനിഷ (30) യാണ് കൊല്ലപ്പെട്ടത്. ഭർത്താവിന്റെ വീടിന്റെ മുറ്റത്ത് വീണ് മരിച്ച നിലയിലായിരുന്നു മൃതദേഹം. ബുധനാഴ്ച രാത്രി 10 മണിക്കാണ് സംഭവം.

ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച ഭർത്താവ് പ്രസാദ് മൊബൈൽ ഫോൺ പരിശോധിക്കുന്നതിനായി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ വിനിഷ മൊബൈൽ നൽകാതിരുന്നതിൽ പ്രകോപിതനായ പ്രസാദ് വിനിഷയുടെ തല ചുമരിൽ ഇടിക്കുകയായിരുന്നു. മൂക്കിൽ നിന്ന് രക്തം വന്നതിനെ തുടർന്ന് വീട്ടുകാർ ഉടൻ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മഞ്ചേരി അഡീഷണൽ എസ് ഐ ഉമ്മർ മേമന ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ സംസ്‌കരിച്ചിരുന്നു. എന്നാൽ മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കി പിതാവ് പരാതി നൽകി. തുടർന്ന് ഫോറൻസിക് വിഭാഗം സംഭവസ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മരണം കൊലപാതകമെന്ന് വ്യക്തമായത്.

പതിനൊന്നു വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് വൈഗ (9), ആദിദേവ് (5), കിച്ചു (രണ്ടര) എന്നിങ്ങനെ മൂന്ന് മക്കളുണ്ട്.