വിവാഹത്തിനു മുന്‍പേ വധു ഗര്‍ഭിണി ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍

0
212

ആലപ്പുഴ: വിവാഹത്തിനു മുന്‍പേ വധു ഗര്‍ഭിണിയായ സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്തായ വ്യാപാരി അറസ്റ്റില്‍. കരൂര്‍ മാളിയേക്കല്‍ നൈസാമാണ് (47) പിടിയിലായത്. ഇയാള്‍ക്കെതിരെ പോക്സോയാണ് അമ്പലപ്പുഴ പൊലീസ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി നൈസാമിന്റെ വ്യാപാര സ്ഥാപനത്തില്‍ ജീവനക്കാരിയാണ് ഗര്‍ഭിണിയായ യുവതി.

ഡിസംബര്‍ 18ന് വിവാഹിതയായ യുവതി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയില്‍ വിവാഹത്തിന് മുമ്പേ യുവതി ഗര്‍ഭിണിയാണെന്ന വിവരം ഭര്‍തൃവീട്ടുകാര്‍ അറിഞ്ഞു. ഇതോടെയാണ് അഞ്ചുവര്‍ഷത്തോളം നീണ്ട പീഡനവിവരം പുറത്തായത്.

നൈസാമാണ് തന്റെ പരിചയത്തിലുള്ള യുവാവിനെക്കൊണ്ട് യുവതിയെ വിവാഹം കഴിപ്പിച്ചത്. 16 വയസു മുതല്‍ നൈസാം പീഡനത്തിനിരയാക്കിയിരുന്നതായാണ് യുവതിയുടെ മൊഴി.

മുന്‍പ് ലൈംഗീകചൂഷണത്തെ എതിര്‍ത്ത പെണ്‍കുട്ടിയെ കടയില്‍ നിന്നും പുറത്താക്കിയ നൈസാം മാസങ്ങള്‍ക്കു ശേഷം വീട്ടിലെത്തി ജോലിക്ക് തിരികെ കൊണ്ടുപോയിരുന്നു. ഉപദ്രവമുണ്ടാകില്ല എന്ന ഉറപ്പിന്‍മേലായിരുന്നു. എന്നാല്‍ ജോലിയില്‍ പ്രവേശിച്ചശേഷം നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും ആലപ്പുഴയിലെ ലോഡ്ജ് മുറിയിലെത്തിച്ച് മദ്യം നല്‍കി പീഡിപ്പിക്കുകയും സുഹൃത്തുക്കള്‍ക്ക് കാഴ്ചവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്ന് പെണ്‍കുട്ടി മൊഴി നല്‍കി.