മണ്ണെണ്ണയൊഴിച്ച് ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമം, യുവതി ഗുരുതരാവസ്ഥയിൽ, ഭർത്താവ് പിടിയിൽ

0
474

തിരുവനന്തപുരം: യുവതിയെ ഭർത്താവ് മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. മാരകമായി പൊള്ളലേറ്റ യുവതി അത്യാസന്ന നിലയിലാണ്. സംഭവത്തിൽ ഭർത്താവും പുതുശേരിമുക്ക് സ്വദേശിയുമായ പ്രവീണിനെ അറസ്റ്റ് ചെയ്തു. നാൽപത്തഞ്ചുശതമാനത്തോളം പൊള്ളലേറ്റ ഭാര്യ സജിത തിരുവനന്തപുരം മെഡിക്കൽ കോളജിലാണുള്ളത്.

വർക്കല കമ്മാളംകുന്നിലെ സജിതയുടെ വീട്ടിൽ വെച്ചാണ് പ്രവീൺ ഇവരെ മണ്ണെണ്ണയൊഴിച്ച് കൊല്ലാൻ ശ്രമിച്ചത്. മദ്യലഹരിയിലായിരുന്ന പ്രവീൺ ഭാര്യയെ മർദിച്ചതിനു ശേഷം അടുക്കളയിൽ നിന്ന് മണ്ണെണ്ണയെടുത്തു തലയിലൊഴിച്ചു തീ കൊളുത്തുകയായിരുന്നു.

മദ്യപാനിയായ പ്രവീൺ സജിതയെ സ്ഥിരമായി ഉപദ്രവിച്ചിരുന്നു. പീഡനം അസഹനീയമായതോടെ സജിത കുട്ടികളുമായി സ്വന്തം വീട്ടിലേക്കു മാറി. സ്നേഹം ഭാവിച്ചെത്തിയ പ്രവീണും കുറച്ച് നാളായി ഇവിടെയായിരുന്നു താമസം.

വഴക്കുണ്ടായ സമയത്ത് സജിത സ്വയം മണ്ണെണ്ണ ദേഹത്തൊഴിച്ചെന്നും അതറിയാതെ സിഗരറ്റ് കത്തിക്കാനായി താൻ തീപ്പെട്ടി ഉരച്ചപ്പോൾ തീപിടിക്കുകയായിരുന്നുവെന്നുമാണ് കേസിൽ നിന്ന് രക്ഷപ്പെടാൻ പ്രവീൺ പറഞ്ഞത്. ഇത് തെറ്റാണെന്നു സജിതയുടെ മാതാപിതാക്കളും രണ്ടു മക്കളും പൊലീസിനോടു പറഞ്ഞു.