വരയാടിന്റെ ഫോട്ടോയെടുത്തു, മലയാളി വൈദികനും സുഹൃത്തും ജയിലില്‍

0
366

വരയാടിനെ കൊമ്പില്‍ പിടിച്ചു നിര്‍ത്തി ഫോട്ടോയെടുത്ത മലയാളി വൈദികനും സുഹൃത്തും പിടിയില്‍. ഇടുക്കി രാജാക്കാട് എന്‍എആര്‍ സിറ്റി സെന്റ് മേരീസ് പള്ളി വികാരി ഫാ.ഷെല്‍ട്ടണും സുഹൃത്തായ ജോബി അബ്രഹാമുമാണ് തമിഴ്‌നാട്ടിലെ ജയിലിലായത്. ജനുവരി അഞ്ചിന് പൊള്ളാച്ചിയില്‍ നിന്ന് വാല്‍പാറയിലേക്കുള്ള യാത്രയ്ക്കിടെ ഫാ.ഷെല്‍ട്ടണ്‍ വരയാടിന്റെ ഇരു കൊമ്പുകളിലും പിടിച്ചു നിര്‍ത്തി ഫോട്ടോയെടുക്കുകയായിരുന്നു.

മറ്റൊരാള്‍ ഈ രംഗം പകര്‍ത്തിയിരുന്നു. ഇത് പിന്നീട് തമിഴ്നാട്ടിലെ ഒരു ദിനപത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. ചിത്രം ശ്രദ്ധയില്‍ പെട്ട തമിഴ്നാട് ചീഫ് സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തമിഴ്നാടിന്റെ സംസ്ഥാന മൃഗവും ഷെഡ്യൂള്‍ വണ്ണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സംരക്ഷിത മൃഗവുമാണ് നീലഗിരി താര്‍ എന്നറിയപ്പെടുന്ന വരയാട്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് രാജാക്കാട് നിന്ന് ഫാ. ഷെല്‍ട്ടണെയും ജോബി അബ്രഹാമിനെയും തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ വാഹനത്തിന്റെ നമ്പര്‍ പിന്തുടര്‍ന്നാണ് അന്വേഷണ സംഘം രാജാക്കാടെത്തിയത്. ആടിനെ പിടിച്ച് നില്‍ക്കുന്നത് ഫാദര്‍ ഷെല്‍ട്ടണ്‍ ആണെന്ന് രാജാക്കാട് പോലീസും സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്ത് പൊള്ളാച്ചിയിലെത്തിച്ചു ചോദ്യം ചെയ്തു. ഇരുവരെയും കോയമ്പത്തൂര്‍ മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയതിന് ശേഷം റിമാന്‍ഡ് ചെയ്ത് പൊള്ളാച്ചി ജയിലിലേക്ക് മാറ്റി.