ഇഡ്ലിയുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് പാചകക്കാരന്‍ രണ്ട് തൊഴിലാളികളെ പിക്കാസിന് വെട്ടിക്കൊന്നു. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലെ തീര്‍ഥഹള്ളിയിലാണ് സംഭവം. രാജണ്ണയെന്ന തൊഴിലാളിയാണ് സഹപ്രവര്‍ത്തകരായ ബീരേഷ്, മഞ്ജപ്പ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്. ഇഡ്ലിയെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
കുരുവള്ളിയില്‍ നിര്‍മാണത്തിലുള്ള വിശ്വകര്‍മ കമ്മ്യൂണിറ്റി ഹാളില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. രാവിലെ കഴിക്കാന്‍ ഇഡ്ലി ഉണ്ടാക്കിയത് രാജണ്ണയായിരുന്നു. വൈകിട്ടും ഇഡ്ലിയാണെന്നു പറഞ്ഞതിനെത്തുടര്‍ന്നാണ് സഹപ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തി ഉണ്ടായത്.
ഇതിനെത്തുടര്‍ന്ന് രാജണ്ണയുമായി വാക്കേറ്റമുണ്ടാവുകയും മര്‍ദിക്കുകയും ചെയ്തു. വൈകിട്ട് ഇരുവരും ഉറങ്ങുന്ന സമയത്ത് പിക്കാസു ഉപയോഗിച്ച് പ്രതി ഇവരെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് റിപ്പോര്‍ട്ട്.