ന്യൂയോര്‍ക്ക്: മൃതദേഹം വളമാക്കാനുള്ള രീതിക്ക് ന്യൂയോര്‍ക്കില്‍ അംഗീകാരം. ഹ്യൂമന്‍ കമ്പോസ്റ്റിംഗിന് നിലവില്‍ ന്യൂയോര്‍ക്ക് അനുമതി നല്‍കിക്കഴിഞ്ഞു. മൃതദേഹം വളമായി മാറ്റുന്ന ഈ പ്രക്രിയ ദഹിപ്പിക്കലിനും മണ്ണില്‍ അടക്കം ചെയ്യുന്നതിനും ബദലാണെന്നാണ് വാദം.
മരച്ചീളുകള്‍, പയറുവര്‍ഗ്ഗങ്ങള്‍, വൈക്കോല്‍ പുല്ല് തുടങ്ങിയ തെരഞ്ഞെടുത്ത വസ്തുക്കളോടൊപ്പം ശരീരം അടച്ച് പാത്രത്തില്‍ വയ്ക്കുകയും സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനത്തില്‍ ക്രമേണ മണ്ണില്‍ ലയിക്കുകയുമാണ് ചെയ്യുന്നത്. മണ്ണില്‍ ലയിച്ചുകഴിയുന്നതോടെ പകര്‍ച്ചവ്യാധികള്‍ ഇല്ലാതാക്കാന്‍ ഒന്നു ചൂടാക്കിയ ശേഷം ഈ മണ്ണ് മരിച്ചവരുടെ പ്രിയപ്പെട്ടവര്‍ക്ക് നല്കുന്നു. പൂക്കള്‍, പച്ചക്കറികള്‍ എന്നിവയ്ക്കും മരങ്ങള്‍ നടുന്നതിനും ഈ മണ്ണ് ഉപയോഗിക്കാം.
2019 ല്‍ വാഷിംഗ്ടണ്‍ ഇത് നിയമവിധേയമാക്കിയിരുന്നു. തുടര്‍ന്ന് കൊളറാഡോ, ഒറിഗോണ്‍, വെര്‍മോണ്ട്, കാലിഫോര്‍ണിയ എന്നീ സംസ്ഥാനങ്ങളും ഇത് നിയമവിധേയമാക്കി. പരമ്പരാഗത മൃതദേഹ സംസ്കരണ മാര്‍ഗങ്ങളെ അപേക്ഷിച്ച് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ഒരു ടണ്‍ കാര്‍ബണ്‍ ലാഭിക്കാന്‍ കഴിയുമെന്നാണ് അവകാശവാദം. പരമ്പരാഗത ശ്മശാനങ്ങളില്‍ മൃതദേഹം സംസ്ക്കരിക്കാന്‍ മരവും ഭൂമിയും മറ്റ് പ്രകൃതി വിഭവങ്ങളും ഉപയോഗിക്കുന്നു. സ്വീഡനിലും യു.കെയിലും ഇത് മുമ്പേ അനുവദനീയമാണെന്നും ഇതിനെ അനുകൂലിക്കുന്നവര്‍ പറയുന്നു.
അതേസമയം, ന്യൂയോര്‍ക്ക് സ്റ്റേറ്റിലെ കത്തോലിക്കാ ബിഷപ്പുമാര്‍ നിയമനിര്‍മ്മാണത്തെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്. പാവനമായി കാണുന്ന മൃതദേഹങ്ങളെ വീട്ടുമാലിന്യങ്ങള്‍ പോലെ തരംതാഴ്ത്തരുതെന്നും അവര്‍ വ്യക്തമാക്കുന്നു.
പുനരുത്ഥാനത്തില്‍ മഹിമയോടെ ഉയര്പ്പിക്കപ്പെടേണ്ട മൃതദേഹങ്ങള്‍ പൂജ്യമായി സംസ്കരിക്കണമെന്നാണ് കത്തോലിക്കാസഭ അനുശാസിക്കുന്നത്. അതിനാലാണ് പൂക്കള്‍കൊണ്ട് മൃതശരീരം അലങ്കരിക്കുന്നതും അടക്കുമ്പോള്‍ കുന്തുരുക്കം വിതറുന്നതും. അന്ത്യകാലത്തിന്റെ സൂചനയാണ് ഈ സംഭവങ്ങളെല്ലാം.