മദ്യക്കുപ്പിയില്‍ ചിലന്തി, വില്‍പ്പന മരവിപ്പിച്ചു

0
50

മദ്യക്കുപ്പിയിൽ ചിലന്തിയെ കണ്ടെത്തിയ സംഭവത്തിൽ നടപടിയുമായി ബെവ്‌കോ. ചിലന്തിയെ കണ്ടെത്തിയ ബാച്ചിലെ മുഴുവൻ മദ്യത്തിന്റെയും വിൽപ്പന ബെവ്‌കോ അടിയന്തിരമായി മരവിപ്പിച്ചു. 500 ഓളം ബോക്‌സുകളിൽ ഉള്ള മദ്യക്കുപ്പികളുടെ വിൽപ്പനയാണ് നിർത്തിവെച്ചത്.

തിരുവനന്തപുരത്തെ പവർഹൗസ് റോഡിലെ ബിവറേജ് ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ മദ്യക്കുപ്പിക്കുള്ളിൽ നിന്നാണ് എട്ടുകാലിയെ കണ്ടെത്തിയത്. ബെക്കാർഡി ലെമൺ ബ്രാൻഡിന്റെ കുപ്പിയിൽ നിന്നാണ് എട്ടുകാലിയെ കണ്ടെത്തിയത്. എട്ടുകാലിയെ കണ്ടതോടെ മദ്യക്കുപ്പി വാങ്ങിയ ആൾ തന്നെ തിരികെ ഔട്ട്ലെറ്റിൽ ഏൽപ്പിച്ച് മറ്റൊരു ബ്രാൻഡ് വാങ്ങി പോകുകയും ചെയ്‌തെന്ന് ജീവനക്കാർ പറഞ്ഞു. ഇയാൾ പരാതി നൽകിയിരുന്നു. വിശദമായ പരിശോധന നടത്തിയ ശേഷമാണ് മദ്യം വിൽപനയ്ക്കായി എത്തിച്ചതെന്നാണ് ബെവ്‌കോ ഉദ്യോഗസ്ഥർ പറയുന്നത്.

ഈ ബാച്ചിൽ ഉൾപ്പെട്ട മറ്റു മദ്യക്കുപ്പികൾ വിൽപ്പന നടത്തുന്നതായി പരാതി നേരത്തെ ഉയർന്നിരുന്നു. പ്രമുഖ ബ്രാൻഡിലെ മദ്യക്കുപ്പിക്കുള്ളിൽ ചിലന്തിയെ കണ്ടെത്തിയതോടെ സംഭവത്തെക്കുറിച്ച് ബെവ്‌കോ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന് പരിശോധിച്ച് ഉടനടി റിപ്പോർട്ട് നൽകാൻ ബെവ്‌കോ എം ഡി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.