കുര്‍ബാനയ്ക്കിടെ ഫോണ്‍ വിളി, വഴക്ക് പറഞ്ഞ വയോധികന് ക്രൂരമര്‍ദനം

0
50

അതിരമ്പുഴ: കുര്‍ബാനയ്ക്കിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചതിന് വഴക്ക് പറഞ്ഞ വയോധികനെ ക്രൂരമായി മര്‍ദിച്ചു. നാട്ടുവഴിപ്പറമ്പില്‍ ഗ്രിഗോറിയോസി(67)നെയാണു മര്‍ദനമേറ്റത്. മണ്ണാര്‍കുന്ന് പള്ളിയിലെ പെരുന്നാളിനിടെയാണ് സംഭവം.

കുര്‍ബാനയ്ക്കിടെ യുവാവ് മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് ശ്രദ്ധയില്‍ പെട്ട ഗ്രിഗോറിയസ് സ്‌നേഹത്തോടെ അയാളെ വഴക്കുപറഞ്ഞു. ഇതിനിടെ അദ്ദേഹത്തിന്റെ നഖംകൊണ്ടു യുവാവിന്റെ ചെവി മുറിഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. തുടര്‍ന്ന് കുര്‍ബാന കഴിഞ്ഞുപോകവേ ഗ്രിഗോറിയോസിനെ യുവാവും സഹോദരനും ചേര്‍ന്നു മര്‍ദിച്ചു. പിറ്റേന്നു ഗ്രിഗോറിയസിന്റെ മകന്‍ സെബാസ്റ്റിയന്‍ പള്ളിയില്‍ പോകവേ ഇയാളെയും മര്‍ദിച്ചു. മകന്‍ വീട്ടിലെത്തി പിതാവിനോടു പള്ളിയില്‍പോകരുതെന്നു പറഞ്ഞെങ്കിലും പള്ളിയില്‍ തിരുന്നാള്‍ ആഘോഷത്തിന് പോയ അദ്ദേഹത്തെ പള്ളിമുറ്റത്തിട്ട് യുവാവും സംഘവും തല്ലിചതച്ചു.

രക്തം ഒലിപ്പിച്ചാണു ഗ്രിഗോറിയാസ് മടങ്ങിയത്. കുര്‍ബാന സ്വീകരിക്കാനും ഇവര്‍ അനുവദിച്ചില്ല. സെമിത്തേരിയില്‍ നിന്നാണ് ഗ്രിഗോറിയാസ് കുര്‍ബാന കണ്ടത്. നീണ്ടൂരില്‍ കള്ളുഷാപ്പില്‍ വ്യാപാരിയെ തല്ലിചതച്ച് കൊണ്ടിട്ട അതേ ഗുണ്ടാ സംഘമായിരുന്നു ഗ്രിഗോറിയസിനെയും ആക്രമിച്ചത്.

കള്ളുഷാപ്പിലെ അക്രമത്തിന് ശേഷമായിരുന്നു സംഘം തിരുനാളിനെത്തിയത്. ഹൃദ്രോഗിയാണെന്ന് അറിഞ്ഞിട്ടും തല്ലിചതച്ചെന്നും എന്നാല്‍, തിരുനാള്‍ സമയമായതിനാല്‍ എല്ലാവരോടും ക്ഷമിക്കുന്നുവെന്നും ഗ്രിഗോറിയോസ് പറഞ്ഞു.