നെടുമങ്ങാട്: കോൺസുലേറ്റിലേക്കെന്ന പേരിൽ നയതന്ത്രബാഗിൽ സ്വർണ്ണം കടത്തിയതിന്റെ പ്രധാനസൂത്രധാരൻ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയും വർക്ക്ഷോപ്പ് ഉടമയുമായ സന്ദീപ് നായർ. മുഖ്യപ്രതികളായ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും കയ്യാളായ ഇയാൾ സ്വപ്നയ്ക്കു പിന്നാലെ മുങ്ങി. സന്ദീപിന്റെ അതിവേഗമുള്ള സാമ്പത്തിക വളർച്ചയാണ് ഇയാളെ കസ്റ്റംസിന്റെ നോട്ടപ്പുള്ളിയാക്കിയത്. സാമ്പത്തിക വളർച്ചയുടെ പിന്നിൽ സ്വർണ്ണകടത്താണെന്നാണ് ആരോപണം.
പിടിയിലായ യു.എ.ഇ കോൺസുലേറ്റിലെ മുൻ പി.ആർ.ഒ സരിത്തിന്റെ മൊഴിയെത്തുടർന്നാണ് സന്ദീപിലേക്ക് അന്വേഷണം തിരിഞ്ഞത്. സന്ദീപിനെത്തേടി കസ്റ്റംസ് നെടുമങ്ങാട്ടെ താമസസ്ഥലത്തെത്തിയപ്പോൾ മുങ്ങിയിരുന്നു. തുടർന്ന് ഇയാളുടെ ഭാര്യ സൗമ്യയെ കസ്റ്റഡിയിലെടുത്ത് കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്തു. ഇവർക്ക് സ്വർണക്കടത്തുമായി ബന്ധമില്ലെന്നാണ് സൂചന. രണ്ടുദിവസം മുമ്പാണ് സന്ദീപ് വീട്ടിൽ നിന്ന് പോയതെന്നും പിന്നീടു വിളിച്ചിട്ടില്ലെന്നും സൗമ്യ മൊഴി നൽകി. ഭർത്താവ് ദുബായ്ക്കു പോയത് സ്വർണക്കടത്തിനാണെന്നറിയില്ലെന്നും സരിത്തുമായി അടുത്തബന്ധമുണ്ടായിരുന്നെന്നും ഇവർ കസ്റ്റംസിനോട് പറഞ്ഞു. ഇവരെ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചു. സ്വപ്നയ്ക്കൊപ്പവും ഒറ്റയ്ക്കും നിരവധി തവണ ഇയാൾ ദുബായിലേക്ക് യാത്ര നടത്തിയിട്ടുണ്ട്.
നെടുമങ്ങാട് പത്താം കല്ലിൽ കാർബൺ ഡോക്ടർ എന്ന പേരിൽ കാർ സർവീസ് ഷോപ്പ് നടത്തിയതിനൊപ്പം ആഡംബരക്കാറുകൾ വാങ്ങി കുറച്ചുനാൾ ഉപയോഗിച്ച ശേഷം മറിച്ചു വിൽക്കുന്ന ഏർപ്പാടുമുണ്ടായിരുന്നു.