വിവാഹ ചടങ്ങിനിടെ വധുവുമായി വഴക്കിട്ട വരന്‍ വിഷം കുടിച്ച് ജീവനൊടുക്കി, വിഷം കുടിച്ച വധുവിന്റെ നില ഗുരുതരം

0
59

വിവാഹ ചടങ്ങിനിടെ വധുവുമായി വഴക്കിട്ട വരന്‍ വിഷം കുടിച്ച് ജീവനൊടുക്കി.
വരന്‍ മരിച്ചത് അറിഞ്ഞ മനോവിഷമത്തില്‍ വിഷം കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വധു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ആര്യ സമാജ് ക്ഷേത്രത്തില്‍ വിവാഹ ചടങ്ങ് നടക്കുന്നതിനിടെ, 21 വയസുള്ള വരന്‍ 20കാരിയായ വധുവിനെ വിഷം കഴിച്ചതായി അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ഇരുവരും തമ്മിലുള്ള തര്‍ക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. വരന്‍ വിഷം കഴിച്ചത് അറിഞ്ഞ മനോവിഷമത്തില്‍ വധുവും വിഷം കഴിച്ച് തന്നെ ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. വധു ആശുപത്രിയില്‍ ചികിത്സയിലാണ്. 20കാരിയുടെ നില ഗുരുതരമാണെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ കുറെ നാളുകളായി ഉടന്‍ തന്നെ കല്യാണം നടത്തണമെന്ന് പറഞ്ഞ് വരന് മേല്‍ 20കാരി സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ കരിയര്‍ മെച്ചപ്പെടുത്തുന്നതിന് കല്യാണം രണ്ടുവര്‍ഷത്തേയ്ക്ക് നീട്ടിവെയ്ക്കണമെന്നതായിരുന്നു വരന്റെ ആവശ്യം. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. കൂടാതെ 21കാരനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കിയതായും ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.