മദ്യലഹരിയിൽ യുവാക്കളോടിച്ച കാറിടിച്ച് വീട്ടമ്മമരിച്ചു,വീട്ടമ്മയുടെ കാൽ അറ്റുതൂങ്ങി, ഭർത്താവിന് ഗുരുതരപരിക്ക്,

0
521

പത്തനംതിട്ട: മദ്യലഹരിയിൽ യുവാക്കൾ ഓടിച്ച കാറിടിച്ച് കടയിൽ നിന്ന് സാധനം വാങ്ങുകയായിരുന്ന വീട്ടമ്മ മരിച്ചു. കരിമ്പനാക്കുഴി ആലുംമൂട്ടിൽ സത്യന്റെ ഭാര്യ ശാന്തയാണ് (56) മരിച്ചത്. ശക്തമായ ഇടിയേറ്റ ശാന്തയുടെ ഒരു കാൽ അറ്റുപോയി.അരയ്ക്ക് താഴേക്ക് തകർന്നു. കൂടെയുണ്ടായിരുന്ന ഭർത്താവിനും സാരമായ പരിക്കുണ്ട്. ഇന്നലെ രാത്രി എട്ടുമണിക്ക് പത്തനംതിട്ട റിങ് റോഡിൽ സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിന് സമീപമാണ് അപകടം.

റിങ്‌റോഡിൽ ചായക്കട നടത്തുന്ന സത്യനും ശാന്തയും കട പൂട്ടി സമീപത്തെ ഉണക്കമീൻ കടയിൽനിന്ന് സാധനം വാങ്ങവെയാണ് മദ്യലഹരിയിൽ യുവാക്കൾ ഓടിച്ച കാർ നിയന്ത്രണം തെറ്റി ഇരുവരുടെയും ദേഹത്തേക്ക് പാഞ്ഞുകയറിയത്. അമിത വേഗതയിൽ സ്റ്റേഡിയം ഭാഗത്ത് നിന്നാണ് കാർ വന്നത്. ശാന്തയെ തൊട്ടടുത്തിരുന്ന സ്‌കൂട്ടറിൽ ചേർത്തിടിച്ച ശേഷം മരത്തിലിടിച്ചാണ് കാർ നിന്നത്.

ഇരുവരെയും പത്തനംതിട്ട ജനറൽ ആശുപത്രയിൽ എത്തിച്ച ശേഷം വിദഗ്ദ ചിതിത്സയ്ക്കായി തിരുവല്ല സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശാന്ത മരിച്ചു.സത്യൻ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. കാറോടിച്ചിരുന്ന യുവാക്കൾ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. മലയാലപ്പുഴ കിഴക്കുപുറം സ്വദേശികളാണ് കാറിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം.