കുഞ്ഞ് ജനിച്ചാല്‍ ദമ്പതികള്‍ക്ക് മൂന്ന് ലക്ഷം രൂപ ധനസഹായം, സംഭവം ജപ്പാനില്‍

0
93

ഒരു കുഞ്ഞ് ജനിച്ചാല്‍ ദമ്പതികള്‍ക്ക് മൂന്ന് ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും. സംഭവം ജപ്പാനിലാണ്. ജനന നിരക്ക് ഉയര്‍ത്താന്‍ ജപ്പാന്‍ സര്‍ക്കാര്‍ മാതാപിതാക്കള്‍ക്ക് നല്‍കിവന്നിരുന്ന ഗ്രാന്റ് ഉയര്‍ത്താന്‍ തീരുമാനിച്ചതായി ജപ്പാന്‍ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. 48,000 രൂപ അധികമായി നല്‍കാനാണ് തീരുമാനം.

നിലവില്‍ കുട്ടിയുടെ ജനനത്തിനു ശേഷം മാതാപിതാക്കള്‍ക്ക് 420,000 യെന്‍ (2,52,338 രൂപ) ശിശുജനന-ശിശു സംരക്ഷണ ലംപ്സം ഗ്രാന്റ് അനുവദിക്കുന്നുണ്ട്. ഇത് 500,000 യെന്‍ (3,00,402 രൂപ) ആയി വര്‍ധിപ്പിക്കാനാണ് ആരോഗ്യ, തൊഴില്‍, ക്ഷേമ മന്ത്രി കട്സുനോബു കാറ്റോ തീരുമാനിച്ചത്. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡയുമായി പദ്ധതിയെക്കുറിച്ച് മന്ത്രി ചര്‍ച്ച നടത്തിയിരുന്നു. 2023 സാമ്പത്തിക വര്‍ഷത്തേക്ക് അംഗീകാരം നല്‍കി പ്രാബല്യത്തില്‍ വരുത്താനാണ് ഉദ്ദേശിക്കുന്നത്.

രാജ്യത്തെ പ്രസവ ചെലവ് ഏകദേശം 473,000 യെന്‍ ആണ്. ഗ്രാന്റ് വര്‍ധിപ്പിച്ചാലും ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തുമ്പോള്‍ മാതാപിതാക്കള്‍ക്ക് ഏതാണ്ട് 30,000 യെന്‍ മാത്രമേ ബാക്കിയുണ്ടാവൂ. രാജ്യത്ത് പബ്ലിക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് സംവിധാനമുണ്ടെങ്കിലും പ്രസവ ശുശ്രൂഷ ചെലവ് വ്യക്തികള്‍ വഹിക്കണം.

കുറച്ചുകാലമായി ജപ്പാനില്‍ ജനനനിരക്ക് കുറഞ്ഞുവരികയാണ്. കുറച്ച് പണം കൂടി വാഗ്ദാനം ചെയ്യുന്നത് കുട്ടികളുണ്ടാവുന്നത് പ്രോല്‍സാഹിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രാലയം പ്രതീക്ഷിക്കുന്നു. 2021ല്‍ പുറത്തിറക്കിയ സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, ഒരു നൂറ്റാണ്ടിനിടെ ഏറ്റവും കുറച്ച് പ്രസവങ്ങളാണ് ജപ്പാനില്‍ നടന്നത്. ജനസംഖ്യ കുറയുന്നതിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഭയം വര്‍ധിക്കാന്‍ ഇത് ഇടയാക്കി. രാജ്യത്തിന്റെ നയരൂപീകരണ വൃത്തങ്ങളിലും രാഷ്ട്രീയ വ്യവഹാരങ്ങളിലും വളരെക്കാലമായി ആശങ്കയോടെ ഇത് ചര്‍ച്ചചെയ്തുവരുന്നു.

കഴിഞ്ഞ വര്‍ഷം 8,11,604 ജനനങ്ങളും 14,39,809 മരണങ്ങളും രേഖപ്പെടുത്തിയെന്നും ഇതിന്റെ ഫലമായി ജനസംഖ്യയില്‍ 6,28,205 ന്റെ കുറവുണ്ടായെന്നും ഏറ്റവും വലിയ സ്വാഭാവിക ഇടിവാണിതെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ജനന നിരക്ക് കുറയാന്‍ കാരണം പ്രസവിക്കാന്‍ പ്രായത്തിലുള്ള സ്ത്രീകളുടെ എണ്ണം കുറഞ്ഞതും 20-30 പ്രായമുള്ള സ്ത്രീകളുടെ ഫെര്‍ട്ടിലിറ്റി നിരക്ക് കുറഞ്ഞതുമാണെന്ന് ആരോഗ്യ മന്ത്രാലയം വിലയിരുത്തുന്നു.