മകളെ കൊന്നവനെ ജയിലിലടച്ച് പോറ്റാതെ തൂക്കിക്കൊല്ലണം: ഹോട്ടൽ മുറിയിൽ രക്തം വാർന്നുമരിച്ച പെൺകുട്ടിയുടെ പിതാവ്

0
707

എറണാകുളം സൗത്തിലെ ഹോട്ടൽ മുറിയിൽ എഴുപുന്ന സ്വദേശിയായ പത്തൊൻപതുകാരി രക്തം വാർന്നുമരിച്ച സംഭവത്തിൽ പീഡിപ്പിച്ച യുവാവിനെ ജയിലിലടച്ച് തീറ്റിപോറ്റാതെ തൂക്കി കൊല്ലണമെന്ന് പിതാവ്.

വൈപ്പിൻ എടവനക്കാട് കാവുങ്കൽ ഗോകുൽ(25) ആണ് കേസിൽ അറസ്റ്റിലായത്. പെൺകുട്ടിയുടെ ഇളയ സഹോദരങ്ങൾക്ക് ഓൺലൈൻ പഠനത്തിനായി പിതാവ് വാങ്ങിക്കൊടുത്ത സ്മാർട്ട് ഫോൺ വഴിയാണ് ഇരുവരും തമ്മിൽ പരിചയപ്പെട്ടത്. ഫോണിലെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇവർ പിന്നെ പരസ്പരം നമ്പർ കൈമാറി പ്രണയത്തിലാകുകയായിരുന്നു. ഒരുമാസത്തെ പരിചയത്തിന്റെ പുറത്താണ് യുവതിയെ കൊച്ചിയിലേക്ക് കാവുങ്കൽ സുരേഷ് ക്ഷണിച്ചത്. തുടർന്നിവർ ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു

കൊലപാതകക്കേസിൽ അറസ്റ്റ് ചെയ്ത ഗോകുലിനെതിരെ ഐപിസി 304 പ്രകാരമാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. യുവതിയുമായി അനുവാദത്തോടെയുള്ള ബന്ധം മാത്രമാണ് ഉണ്ടായതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. ബലമായി ഉപദ്രവിച്ചതിന്റെ ലക്ഷണങ്ങൾ പെൺകുട്ടിയുടെ ശരീരത്തില്ലായിരുന്നുവെന്നും ഇൻക്വസ്റ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഹോട്ടൽമുറിയിൽ വച്ച് പെൺകുട്ടിയിൽ നിന്ന് വലിയ അളവിൽ രക്തം നഷ്ടപ്പെട്ടിരുന്നതായും തക്കസമയത്ത് യുവതിയെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നെന്നും പോലീസ് പറഞ്ഞു. യുവതിയുടെ ജീവൻ രക്ഷിക്കാനാകുമായിരുന്ന ഒരു മണിക്കൂറാണ് നഷ്ടമായത്. യുവതിയുടെയും പ്രതിയുടെയും വീട്ടിൽ അറിയാതെ എത്തിയതിനാലായിരിക്കും ആശുപത്രിയിൽ പോകാൻ മടിച്ചതെന്നും ഈ മനപൂർവ്വമുള്ള അനാസ്ഥയാണ് യുവതിയുടെ മരണത്തിനിടയാക്കിയതെന്നും പോലീസ് പറഞ്ഞു.

അതേസമയം അറസ്റ്റിലായ ഗോകുൽ മുമ്പും ഒരു പോക്‌സോ കേസിൽ പ്രതിയാണെന്ന് പൊലീസ് പറയുന്നു. പ്രായപൂർത്തി ആകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഞാറയ്ക്കൽ പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. പിന്നീട് ആ പെൺകുട്ടിയെ വിവാഹം കഴിച്ച ഇയാൾ പെൺകുട്ടിയുമായി വഴക്കുണ്ടാക്കി പിരിഞ്ഞു. തുടർന്നാണ് യുവതിയുമായി ഗോകുൽ അടുത്തത്.

പ്ലസ്ടുവിന് പാസാകാത്ത ഒരു വിഷയം എഴുതിയെടുത്ത് ബിരുദപഠനത്തിനായി പോകാൻ മകൾ തയ്യാറെടുക്കവെയാണ് ഈ ദുരന്തം ഉണ്ടായതെന്ന് മാതാപിതാക്കൾ പറയുന്നു. ഒരു സ്വകാര്യ ബാങ്കിന്റെ അഭിമുഖത്തിനാണ് പോകുന്നതെന്ന് പറഞ്ഞാണ് മകൾ വീട്ടിൽ നിന്നിറങ്ങിയത്. പോകേണ്ടെന്ന് പിതാവ് പറഞ്ഞതിനാൽ കരഞ്ഞാണ് മകൾ സമ്മതം വാങ്ങിയത്. അമ്മേ നിങ്ങൾ കണ്ടെത്തുന്ന ആളെയാണ് താൻ വിവാഹം കഴിക്കുന്നതെന്ന് മകൾ എപ്പോഴും പറയുമായിരുന്നു. പക്ഷെ അതിങ്ങനെയായി. മകളെ കൊന്നവന് പരമാവധി ശിക്ഷ കിട്ടണമെന്നും മാതാവ് പറഞ്ഞു. മാതാപിതാക്കളാരും തങ്ങളെ പോലെ കരയാതിരിക്കാൻ നിയമത്തിന്റെ ഏതറ്റം വരെ പോകുമെന്നും കൂലിപ്പണിക്കാരനായ പിതാവ് പറഞ്ഞു.