മോഷണകുറ്റം ചുമത്തി പൊലീസ് പിടികൂടിയ പ്രതി തൂങ്ങിമരിച്ച നിലയിൽ

0
7199

തിരുവനന്തപുരം: മോഷണകുറ്റം ചുമത്തി പൊലീസ് പിടികൂടിയ പ്രതി തൂങ്ങിമരിച്ച നിലയിൽ. മൊബൈൽ മോഷണകുറ്റം ചുമത്തി കഴിഞ്ഞ ദിവസം തിരുവനന്തപുരം ഫോർട്ട് സ്റ്റേഷൻ പൊലീസ് കസ്റ്റഡിയിലെടുത്ത കരിമഠം കോളനി സ്വദേശി അൻസാരി (37) നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

വൈകുന്നേരമാണ് മോഷണക്കുറ്റം ആരോപിച്ച് അൻസാരിയെ പിടികൂടി നാട്ടുകാർ പോലീസിലേൽപ്പിച്ചത്. ഇയാളെ കൊണ്ടുപോയ പോലീസ് ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ശിശുസൗഹൃദ കേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഇരുത്തി. രാത്രി ഏഴരയോടെ ശിശുസൗഹൃദ കേന്ദ്രത്തിലെ ശുചിമുറിയിലാണ് ഇയാളെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പൊലീസ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണത്തിൽ ദുരൂഹതയുണ്ടോയെന്ന കാര്യം വ്യക്തമാകൂ. ശുചിമുറിയുടെ വാതിൽ അകകത്തുനിന്ന് പൂട്ടിയശേഷം പ്രതി ഉടുത്തിരുന്ന മുണ്ടിൽ തൂങ്ങുകയായിരുവന്നെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം കോവിഡ് പരിശോധനയ്ക്കു ശേഷം വിട്ടുനൽകും.അതേ സമയം അൻസാരിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.