പതിനൊന്നു വയസ്സുകാരിയെ പീഡിപ്പിച്ചു, മദ്രസ അധ്യാപകന് 26 വര്‍ഷം കഠിനതടവും 75,000 രൂപ പിഴയും

0
24

തളിപ്പറമ്പ്: പതിനൊന്നു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മദ്രസ അധ്യാപകന് 26 വര്‍ഷം കഠിനതടവും 75,000 രൂപ പിഴയും ശിക്ഷ . ആലക്കോട് ഉദയഗിരി കക്കാട്ട് വളപ്പില്‍ കെ.വി.മുഹമ്മദ് റാഫിയെ (36) തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി സി.മുജീബ് റഹ്‌മാന്‍ ശിക്ഷിച്ചത്.

2017 ഒക്ടോബറില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ നിരന്തരം പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. മദ്രസ നടത്തുന്ന സംഘത്തിന്റെ വൈസ് പ്രസിഡന്റ് കേസില്‍ രണ്ടാം പ്രതി ആയിരുന്നു. സംഭവം അറിഞ്ഞിട്ടും പൊലീസില്‍ അറിയിച്ചില്ല എന്നതിനാണ് കേസ് എടുത്തിരുന്നത്. ഇദ്ദേഹത്തെ വെറുതെവിട്ടു.

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പ്രായവും പ്രതി അധ്യാപകനാണെന്നതും കണക്കിലെടുത്താണ് 26 വര്‍ഷം തടവുശിക്ഷ വിധിച്ചതെന്നു കോടതി വ്യക്തമാക്കി. വളപട്ടണം പൊലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന എം.കൃഷ്ണന്‍, എസ്ഐ ഷാജി പട്ടേരി എന്നിവരാണു കേസ് അന്വേഷിച്ചത്. വാദിവിഭാഗത്തിനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷെറി മോള്‍ ജോസ് ഹാജരായി.